Breaking News

എണ്ണശാലകള്‍ക്ക് നേരെയുണ്ടായ ആക്രമണം; വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ

Spread the love

റിയാദ്: എണ്ണശാലകൾക്ക് നേരെ ഇറാനിൽ നിന്ന് പലതവണ ആക്രമണമുണ്ടായ സാഹചര്യത്തിൽ തിരിച്ചടിക്കാനുള്ള സൈനികസന്നാഹങ്ങൾ സൗദി അറേബ്യ ഒരുക്കിയതായി റിപ്പോർട്ട്. എണ്ണ ഉത്പാദനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇനിയും ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് സൗദി ഉദ്യോ​ഗസ്ഥൻ പറഞ്ഞതായാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്.

സൗദി അറേബ്യയിലെ വമ്പൻ എണ്ണശുദ്ധീകരണശാലയായ റാസ് തനൂറയ്ക്കുനേരേ ഇന്നലെ ഇറാൻ്റെ ഡ്രോണാക്രമണമുണ്ടായിരുന്നു. ഡ്രോണുകൾ തകർത്തെങ്കിലും അവശിഷ്ടങ്ങൾ പതിച്ച് തീപിടിത്തമുണ്ടായിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലകളിൽ ഒന്നാണ് ആരാംകോയുടെ ഉടമസ്ഥതയിലുള്ള ഈ എണ്ണശുദ്ധീകരണശാല. ആക്രമണത്തെത്തുടർന്ന് ഒരുഭാഗത്തിന്റെ പ്രവർത്തനം തത്കാലത്തേക്ക് നിർത്തിവെക്കുകയാണെന്ന് ഊർജമന്ത്രാലയം അറിയിച്ചു. ദിവസം 55,000 വീപ്പ എണ്ണയാണ് ഇവിടെ ശുദ്ധീകരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഓയിൽ പോർട്ടുകളിൽ ഒന്നും ഇവിടെയാണ്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണകയറ്റുമതി രാജ്യമാണ് സൗദി. ​ഗൾഫിൻ്റെ കിഴക്കേ തീരത്താണ് അവരുടെ ഭൂരിഭാ​ഗം എണ്ണപ്പാടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ളത്. ഇതിന് നേരെ എതിർ വശത്താണ് ഇറാൻ. അതേസമയം തലസ്ഥാനമായ റിയാദിലെ വ്യോമത്താവളത്തെ ലക്ഷ്യംവെച്ചെത്തിയ ഡ്രോൺ സൗദി നിർവീര്യമാക്കി. യുഎസ് സൈനികരുള്ള ഈ താവളത്തെ തുടർച്ചയായ മൂന്നാംദിനമാണ് ഇറാൻ ലക്ഷ്യമിട്ടത്.

You cannot copy content of this page