ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. നാളെ രാവിലെ ജന്തര്‍മന്തറില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കും. അതിനിടെ അരവിന്ദ് കെജ്‌രിവാളിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കുന്നുണ്ട്.
ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഡല്‍ഹിയിലെ മൊഹല്ല ക്ലിനിക്, ഡിടിസി ജീവനക്കാര്‍ക്ക് വേണ്ടിയാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനം. നാളെ രാവിലെ 11 മണിക്ക് അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പടെ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കള്‍ ജന്തര്‍ മന്തറില്‍ മഹാ റാലി സംഘടിപ്പിക്കും. പുറത്താക്കപ്പെട്ട ജീവനക്കാരോട് യൂണിഫോം ധരിച്ച് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി കുറ്റവിമുക്തമാക്കിയതിന് ശേഷമുള്ള ആദ്യ റാലിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കടന്നാക്രമണവും ഉണ്ടാകും. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കള്‍ ഡല്‍ഹി കൊണോട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിനിടെ കെജ്രിവാള്‍ നാടകം കളിക്കുകയാണ് എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. രാഹുല്‍ഗാന്ധിക്കെതിരെ 32 കേസുകള്‍ ഉണ്ടായിട്ടും അദ്ദേഹം ഇതുവരെ കരഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് കെജ്രിവാളിനെ കുറ്റപ്പെടുത്തി.
മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ നടന്നത് കോണ്‍ഗ്രസ് – ബിജെപി ഗൂഢാലോചനയെന്ന് മന്ത്രി എം.ബി രാജേഷ് വിമര്‍ശിച്ചു. എഎപി സര്‍ക്കാര്‍ അട്ടിമറിയായിരുന്നു കോണ്‍ഗ്രസ്-ബിജെപി ലക്ഷ്യമെന്നും എം.ബി രാജേഷ് പറഞ്ഞു.
