Breaking News

‘വിരട്ടാന്‍ നോക്കണ്ട; വിരട്ടലിലൊന്നും പിന്നോട്ട് പോകുന്നവരല്ല ഇടതുപക്ഷം’; വീണാ ജോര്‍ജിന് എതിരായ യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ വി ശിവന്‍കുട്ടി

Spread the love

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരായ യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. യൂത്ത് കോണ്‍ഗ്രസ് പുകമറയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിഞ്ഞുകൊണ്ട് നടത്തിയിട്ടുള്ള സമരമെന്ന് അദ്ദേഹം പറഞ്ഞു.അങ്ങനെയൊന്നും ഒരു ജനാധിപത്യ വിരുദ്ധ സമരമാര്‍ഗം സ്വീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്തി വിരട്ടാനൊന്നും നോക്കണ്ട. അങ്ങനെയുള്ള വിരട്ടലിലൊന്നും പിറകോട്ട് പോകുന്നവരല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മന്ത്രിമാരും. ആരോഗ്യരംഗത്ത് പ്രശ്‌നമുണ്ടെങ്കില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാം. ഒന്നും നടക്കുന്നില്ല എന്ന് പുകമറ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ഈ വിരട്ടല്‍ സമരം ഉപേക്ഷിക്കുന്നതായിരിക്കും നല്ലത് – അദ്ദേഹം പറഞ്ഞു.

അതിരൂക്ഷമായ പ്രതിഷേധമാണ് തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെയുണ്ടായത്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇരച്ചുകയറി റീത്ത് വെച്ചു. പത്തനംതിട്ടയില്‍ വിവധ പദ്ധതികളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി മന്ത്രി പങ്കെടുത്ത സംഘാടക സമിതി യോഗം കോണ്‍ഗ്രസ് പ്രതിനിധികള്‍ ബഹിഷ്‌കരിച്ചു. വസതിയിലേക്ക് ഇരച്ചു കയറി റീത്ത് വച്ച സംഭവത്തെ മന്ത്രി വീണാ ജോര്‍ജ് രൂക്ഷമായി വിമര്‍ശിച്ചു.

ഇന്ന് രാവിലെയായിരുന്നു പൊലിസിനെ ഞെട്ടിച്ച് ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരച്ചെത്തി പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ തടയാന്‍ മൂന്ന് പൊലീസുകാര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പൊലീസിനെ തളളിമാറ്റി ഗേറ്റ് തളളിത്തുറന്ന് സമരക്കാര്‍ മന്ത്രിയുടെ വീട്ടിലെ വാതില്‍പ്പടിയില്‍ റീത്ത് വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് നാടകീയ സംഭവങ്ങള്‍ക്കാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. സമരക്കാരെ ഏതാണ്ട് ഒരു മണിക്കൂറിന് ശേഷമാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

You cannot copy content of this page