പുതിയ ആധാർ ആപ്പ് എങ്ങനെ പ്രവർത്തിക്കുന്നു?
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി, അവരുടെ സമ്മതത്തോടെ മാത്രം വിവരങ്ങൾ കൈമാറുന്ന രീതിയിലാണ് ഈ പുതിയ ആപ്പ് പ്രവർത്തിക്കുന്നത്. ലോഗിൻ ചെയ്യാൻ നിങ്ങളുടെ ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ വരുന്ന ഒടിപിയും (OTP) ആവശ്യമാണ്. ഫെയ്സ് റെക്കഗ്നിഷൻ, വിരലടയാളം, സുരക്ഷിതമായ പിൻ നമ്പർ എന്നിവയും ഈ ആപ്പ് ഉപയോഗിച്ച് സാധ്യമാണ്. ആവശ്യമുള്ള വിവരങ്ങൾ മാത്രം
ലോഗിൻ ചെയ്തു കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് വീണ്ടും വിവരങ്ങൾ നൽകാതെ തന്നെ അവരുടെ പ്രൊഫൈൽ കാണാൻ കഴിയും. പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങൾ ഫോണിൽ സുരക്ഷിതമായി സൂക്ഷിക്കും. തിരിച്ചറിയൽ പരിശോധനയ്ക്കായി ഡിജിറ്റലായി ഒപ്പിട്ട വിവരങ്ങളാണ് കൈമാറുക. ആധാർ നമ്പർ ഒരിടത്തും സൂക്ഷിക്കില്ല. ആവശ്യമുള്ള വിവരങ്ങൾ മാത്രം പങ്കുവെക്കുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.ആധാർ ആപ്പിന്റെ പ്രയോജനങ്ങൾ
പുതിയ ആപ്പ് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ഹോട്ടലുകളിൽ ചെക്ക്-ഇൻ ചെയ്യുമ്പോൾ ക്യുആര്‍ കോഡ് ഉപയോഗിച്ച് ഓഫ്‌ലൈനായി വിവരങ്ങൾ പരിശോധിക്കാം. സിനിമാ ടിക്കറ്റുകൾക്ക് പ്രായം തെളിയിക്കാനും ഇത് ഉപയോഗിക്കാം. കോൺടാക്റ്റ് വിവരങ്ങൾ പങ്കുവെക്കാൻ ക്യുആര്‍ അടിസ്ഥാനമാക്കിയുള്ള കോൺടാക്റ്റ് കാർഡും ഇതിലുണ്ട്. “ഒരു കുടുംബം, ഒരു ആപ്പ്” എന്ന ആശയത്തെ അടിസ്ഥാനമാക്കി, ഒരേ മൊബൈൽ ഫോണിൽ അഞ്ച് ആധാർ പ്രൊഫൈലുകൾ വരെ കൈകാര്യം ചെയ്യാനും സാധിക്കും. ഈ ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.സുരക്ഷയിൽ പ്രത്യേക ശ്രദ്ധ
ഈ ആപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ബയോമെട്രിക് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനുമുള്ള സൗകര്യമാണ്. ആരെങ്കിലും ഡാറ്റ ദുരുപയോഗം ചെയ്യുന്നുവെന്ന് സംശയം തോന്നിയാൽ, ഉപയോക്താവിന് അവരുടെ വിരലടയാളം, കണ്ണ് എന്നിവയുടെ വിവരങ്ങൾ ഉടൻ തന്നെ ലോക്ക് ചെയ്യാൻ കഴിയും. ഇതോടെ, അനുമതിയില്ലാതെ ആർക്കും ബയോമെട്രിക് ഉപയോഗിച്ച് തിരിച്ചറിയൽ നടത്താൻ സാധിക്കില്ല. ഓതന്റിക്കേഷൻ ഹിസ്റ്ററി പരിശോധിക്കാം
ഉപയോക്താക്കൾക്ക് അവരുടെ ആധാർ എവിടെ, എപ്പോൾ ഉപയോഗിച്ചു എന്നതുൾപ്പെടെയുള്ള ‘ഓതന്റിക്കേഷൻ ഹിസ്റ്ററി’ പരിശോധിക്കാനും കഴിയും. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ നിയമപ്രകാരമാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
