Breaking News

ആദിത്യയുടെ ഇൻസ്റ്റഗ്രാമിൽ നിഗൂഢത ഏറുന്നു; ‘ബ്ലാക്ക് വെനം’ പേജിലെ എല്ലാ അംഗങ്ങളും അൺഫോളോ ചെയ്തു

Spread the love

കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയായ ആദിത്യ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതൽ വ്യാപിക്കുന്നു. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തിരുന്ന പേജുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. ‘ബ്ലാക്ക് വെനം’ ആണ് ആദിത്യ ഫോളോ ചെയ്തിരുന്നതിലെ പ്രധാന അക്കൗണ്ടുകളിലൊന്നത്. ഇതിൽ കൊറിയൻ മോഡലുകളുടെ ഉൾപ്പെടെയുള്ള ചിത്രങ്ങളുണ്ട്.

ആദിത്യയുടെ മരണത്തിന് പിന്നാലെ ഈ പേജിലെ മുഴുവൻ പേരും അൺഫോളോ ചെയ്ത് പോയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അക്കൗണ്ടിന്റെ ലോഗിൻ വിവരങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. 30 പേരായിരുന്നു ഈ അക്കൗണ്ടിലുണ്ടായിരുന്നത്. ഒരു ഫോൺ ഉപയോഗിച്ച് വിവിധ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്താണ് ബ്ലാക്ക് വെനം എന്ന അക്കൗണ്ടിലുണ്ടായിരുന്നവർ ഈ പേജ് ഉപയോഗിച്ചിരുന്നത് എന്നും പൊലീസ് കരുതുന്നു.

ജനുവരി 27നായിരുന്നു ചോറ്റാനിക്കര സ്വദേശിയായ ആദിത്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പാറമടയിൽ മുങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് കരയിൽ വെച്ചിരുന്ന സ്‌കൂൾ ബാഗിൽ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് മരണപ്പെട്ടതിന്റെ വിഷമം സഹിക്കാനാകാതെയാണ് താൻ ജീവൻ വെടിയുന്നത് എന്നായിരുന്നു ആത്മഹത്യാകുറിപ്പിൽ ഉണ്ടായിരുന്നത്.

കിണർ പണിക്കാരനായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ. കൊറിയൻ ഗാനങ്ങളോടം സീരിസുകളോടും മകൾക്ക് താൽപര്യമായിരുന്നു എന്ന് മാതാപിതാക്കൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന നിലയിൽ ഒരു കൊറിയൻ സുഹൃത്ത് ഉണ്ടോ എന്നതിൽ മഹേഷ് സംശയം പ്രകടിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ സുഹൃത്തുക്കളാരോ ഐഡി ഉണ്ടാക്കി പറ്റിച്ചതാകാനാണു സാധ്യതയെന്നാണ് പിതാവ് സംശയിക്കുന്നത്. അല്ലേങ്കിൽ കൊറിയൻ സുഹൃത്ത് മരിച്ചുപോയി എന്ന് പെൺകുട്ടി എങ്ങനെ അറിഞ്ഞുവെന്നും അപ്പോൾ അവർക്കിടയിൽ ആരോ ഇല്ലേ എന്ന സംശയവും പിതാവ് പ്രകടിപ്പിക്കുന്നുണ്ട്.

ആദ്യ ഘട്ടത്തിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ തുറന്ന് പരിശോധിച്ചപ്പോൾ കൊറിയൻ സുഹൃത്തിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീട് ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. നിലവിൽ പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുന്നത്. സൈബർ പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് എസ്ഐടി രൂപീകരിച്ചിരിക്കുന്നത്.

You cannot copy content of this page