തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലില്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളിക്കൊണ്ടാണ് റിപ്പോര്‍ട്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
മഠത്തില്‍വരവ് സമയം പൊലീസ് ലാത്തിചാര്‍ജ് നടത്തിയിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങളാണ് തിരുവമ്പാടി ദേവസ്വത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടില്‍
തൊട്ടുമുന്നിലുള്ള പൂരത്തിനിടയിലും പൊലീസുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തില്‍ എഡിജിപി തല യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. പതിനാറ് മാസംകൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായത്. എഡിജിപി എം ആർ അജിത് കുമാറിനെതിരെയും റിപ്പോർട്ടിൽ പരാമർശമില്ലെന്നാണ് സൂചന.രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയ്ക്കുവഴിവെച്ച സംഭവമായിരുന്നു തൃശൂര്‍ പൂരം കലക്കല്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ വിജയത്തില്‍ ഈ സംഭവം വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയെന്ന രീതിയില്‍ ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതോടെയാണ് പൂരം കലക്കലില്‍ സര്‍ക്കാര്‍ ത്രിതല അന്വേണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി കെ രാജന്‍, അജിത് കുമാര്‍, ദേവസ്വം പ്രതിനിധികള്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനെത്തിയ കമ്മീഷണര്‍ അങ്കിത് അശോകും സംഘാടകരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും ഇക്കാര്യം അറിയിക്കാന്‍ അജിത് കുമാറിനെ പല തവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നും കെ രാജന്‍ ഡിജിപിക്ക് മുന്‍പാകെ മൊഴി നല്‍കി. എന്നാല്‍ മന്ത്രിയെ തള്ളുന്നതായിരുന്നു അജിത് കുമാറിന്റെ മൊഴി. പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചപ്പോഴേക്കും താന്‍ ഉറങ്ങിപ്പോയെന്നും പിറ്റേദിവസം രാവിലെയാണ് പ്രശ്നങ്ങള്‍ അറിഞ്ഞതെന്നുമായിരുന്നു അജിത് കുമാര്‍ പറഞ്ഞത്. വിശദമായ മൊഴികളുടെ അടിസ്ഥാനത്തിലും മറ്റും നടത്തിയ അന്വേഷണത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു.
