താന്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്കെതിരെ എഫ്‌ഐആര്‍ എടുക്കുകയോ കേസ് ഫയല്‍ ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ എന്തുമാകാമെന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു. കര്‍ഷകരുടെ താത്പര്യത്തിനും രാജ്യത്തെ ഭക്ഷ്യോത്പാദനത്തിനും എതിരായ ഏത് വ്യാപാര കരാറുകളേയും താന്‍ എതിര്‍ക്കുമെന്നും അവര്‍ക്ക് വേണ്ടി ഏതറ്റം വരേയും താന്‍ പോരാടുമെന്നും രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞു.മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നയങ്ങള്‍ തുടരുകയാണെന്നും അന്നദാതാക്കള്‍ക്കായി പൊരുതുമെന്നും രാഹുല്‍ എക്‌സില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന രാഹുലിനെതിരെ അവകാശലംഘന പ്രമേയം അവതരിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രി കിരണ്‍ റിജിജുവിന് മറുപടിയായിട്ടായിരുന്നു രാഹുലിന്റെ വെല്ലുവിളി. നിങ്ങള്‍ക്ക് തനിക്കെതിരെ അവകാശലംഘന പ്രമേയം അവതരിപ്പിക്കുകയോ കേസെടുക്കുകയോ ചെയ്യാമെന്ന് രാഹുല്‍ വെല്ലുവിളിച്ചു.ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെ മുന്‍നിര്‍ത്തിയായിരുന്നു രാഹുലിന്റെ പാര്‍ലമെന്റിലെ വിമര്‍ശനങ്ങള്‍. ഭാരത മാതാവിനെ സര്‍ക്കാര്‍ വിറ്റുവെന്നും അതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേയെന്നും രാഹുല്‍ കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരുന്നു. വ്യാപാര കരാറില്‍ ഇന്ത്യയുടേയും കര്‍ഷകരുടേയും താത്പര്യത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ ഉണ്ടെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്.
