Breaking News

കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മല സീതാരാമന്‍; കുറ്റകൃത്യങ്ങളിൽ മുന്നിലെന്ന് കുറ്റപ്പെടുത്തൽ, വ്യവസായ മുരടിപ്പ്

Spread the love

ദില്ലി: ബജറ്റ് ചര്‍ച്ചക്കുള്ള പാര്‍ലമെന്‍റിലെ മറുപടിയില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വ്യവസായ വളര്‍ച്ച കീഴോട്ടുള്ള കേരളത്തില്‍ മൂവായിരത്തി അഞ്ഞൂറ് കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് സംസ്ഥാനം വിടേണ്ടി വന്നെന്ന് നിര്‍മ്മല സീതരാമന്‍ ആഞ്ഞടിച്ചു. കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം മുന്‍പന്തിയിലെത്തിയതും ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണത്തിലാണെന്ന് നിര്‍മ്മല സീതാരാമന്‍ കുറ്റപ്പെടുത്തി. ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രാത്രിയിലും പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ചു.അതി രൂക്ഷമായ വിമര്‍ശനമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സര്‍ക്കാരിനുമെതിരെ ബജറ്റ് ചര്‍യില്‍ ഉന്നയിച്ചത്. സംസ്ഥാനത്ത് വ്യവസായ മുരടിപ്പെന്നാണ് ധനമന്ത്രി പറഞ്ഞു വച്ചത്. 3500 കോടി രൂപ മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നുവെന്ന് കിറ്റക്സ് ​ഗ്രൂപ്പിന്‍റെ പരാതി പരോക്ഷമായി ഉന്നയിച്ച് ധനമന്ത്രി വാദിച്ചു. വ്യവസായത്തെ ആകര്‍ഷിക്കാന്‍ കേരളം ഒന്നും ചെയ്യുന്നില്ല.കമ്യൂണിസ്റ്റുകള്‍ അധികാരത്തിലിരിക്കുന്നിടത്തെല്ലാം സാമ്പത്തിക രംഗം തകര്‍ന്നെന്ന് ബംഗാള്‍ കൂടി ഉദാഹരിച്ച് ധനമന്ത്രി ചൂണ്ടിക്കാട്ടി.ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം മുന്‍പന്തിയിലാണെന്ന് ധനമന്ത്രി പറഞ്ഞു. 125 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും കേരളം മുന്‍പിലാണെന്ന് കുറ്റപ്പെടുത്തി. കശുവണ്ടി, നാളികേര കൃഷിയടക്കം മേഖലകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ചൂണ്ടിക്കാട്ടി അതിന്‍റെയെല്ലാം പ്രയോജനം കേരളത്തിന് കിട്ടുമെന്നും ധനമനമന്ത്രി അവകാശപ്പെട്ടു. കേരളത്തിന് യാതൊന്നും നല്‍കിയില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കെസി വേണുഗോപാല്‍ എംപിയടക്കം രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.കേരളത്തോടുള്ള അവഗണനയില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ രാത്രി വൈകിയും പ്രതിഷേധിച്ചു. ബജറ്റില്‍ കേരളത്തിന് കിട്ടിയത് വെറും ആമയും തേങ്ങയുമാത്രമാണെന്ന സംസ്ഥാന സര്‍ക്കാരിന്‍റേതടക്കം പരിഹാസം കേന്ദ്രത്തിന് കൊണ്ടുവെന്ന് വ്യക്തമാക്കുന്നതാണ് കേരളത്തിനെതിരായ നിര്‍മ്മല സീതാരാമന്‍റെ കടന്നാക്രമണമെന്ന് വ്യക്തം.

You cannot copy content of this page