ഇസ്താൻബുൽ: ടർകിഷ് പാർലമെന്റിൽ ഭരണ -പ്രതിപക്ഷ പാർട്ടികൾ തമ്മിൽ സംഘർഷം. നീതിന്യായ വകുപ്പിലേക്കുള്ള നിയമനം സംബന്ധിച്ചാണ് ഇരു പാർട്ടികളും തമ്മിൽ സംഘർഷത്തിൽ ഏർപ്പെട്ടത്. ഇരു പാർട്ടി നേതാക്കളും രൂക്ഷമായ കയ്യാങ്കളിയിൽ ഏർപ്പെട്ടു.നീതിന്യായ വകുപ്പ് മന്ത്രാലയത്തിലേക്ക് ചീഫ് പ്രോസിക്യൂട്ടറായ അകിൻ ഗുർലക് സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രതിപക്ഷ നേതാക്കൾ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനാണ് നീതിന്യായ വകുപ്പിലേക്ക് അകിൻ ഗുർലെക്കിനെ നിയമിച്ചത്. പ്രതിപക്ഷ പാർട്ടിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയിലെ നിരവധി നേതാക്കന്മാരുടെ വിചാരണയ്ക്ക് നേതൃത്വം നൽകിയത് ഗുർലകായിരുന്നു. ഈ വിചാരണകൾ രാഷ്ട്രീയപ്രേരിതമെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. അതേ വ്യക്തി പാർലമെന്റിലേക്ക് വരുന്നത് തടയാൻ പ്രതിപക്ഷം ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.രൂക്ഷമായ കയ്യാങ്കളിയാണ് പാർലമെന്റിൽ ഉണ്ടായത്. ഭരണ-പ്രതിപക്ഷ നേതാക്കൾ സകല മര്യാദകളും ലംഘിച്ച് രൂക്ഷമായ സംഘർഷത്തിലേർപ്പട്ടു. സംഭവത്തിന്റേതായി പുറത്തുവന്ന വീഡിയോയിൽ അംഗങ്ങൾ ദേഹത്തിടിക്കുന്നതും മറ്റും കാണാം. എന്നാൽ ഇത്തരത്തിൽ സംഘർഷം നടന്നുകൊണ്ടിരിക്കെ ഭരണപക്ഷ നേതാക്കളുടെ സംരക്ഷണയിൽ അകിൻ ഗുർലക് സത്യപ്രതിജ്ഞ ചെയ്തു. പാർലമെന്റിൽ അടിപൊട്ടിയതോടെ സഭ 15 മിനുട്ട് നേരത്തേക്ക് നിർത്തിവെച്ചു.
