ആണവായുധങ്ങൾ നിർമ്മിക്കാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഏത് തരത്തിലുള്ള പരിശോധനകൾക്കും രാജ്യം തയ്യാറാണെന്നും പെസഷ്കിയാൻ വ്യക്തമാക്കി. ഇറാനുമായി വിലപേശലുകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അടച്ചിട്ട മുറിയിൽ ട്രംപ് മൂന്ന് മണിക്കൂർ കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടില്ല.ഇറാനുമായി ആണവകരാറിലെത്താനാകുമോ എന്നു പരിശോധിച്ചുവരികയാണെന്നും ചർച്ച തുടരുമെന്നാണ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മൂന്നു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പരാമർശം. ആണവ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇസ്രയേലിന്റെ സുരക്ഷാ ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാന്റെ കാര്യത്തിൽ അന്തിമതീരുമാനത്തിലെത്തിയില്ലെന്ന് ഇരു കൂട്ടരും വ്യക്തമാക്കി. ആണവചർച്ച പരാജയപ്പെടുന്നപക്ഷം പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇറാനെതിരെയുള്ള മുൻ സൈനിക നടപടി പരാമർശിച്ചുകൊണ്ട് ട്രംപ് മുന്നറിയിപ്പ് നൽകി. ആണവ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിൽ അമേരിക്ക ഇറാന്റെ ആണവകേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണം ട്രംപ് ഓർമ്മിപ്പിച്ചു. ഇത്തവണ ഇറാൻ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ്.ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഗസ്സ അന്താരാഷ്ട്ര സമാധാന ബോർഡിൽ അംഗമായി നെതന്യാഹു ഒപ്പുവച്ചു. ഗസ യുദ്ധവും പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളും നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായെന്നും ട്രംപ്. ട്രംപ് രണ്ടാം വട്ടം അധികാരത്തിലെത്തിയശേഷം നെതന്യാഹുവും ട്രംപും തമ്മിലുള്ള ആറാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇന്നലെ നടന്നത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും നെതന്യാഹു കൂടിക്കാഴ്ച നടത്തി.
