തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷൻ അല്ലെന്ന് പൊലീസ്. ഗുണ്ടാ പിരിവ് നടത്താനാണ് പ്രതികൾ എത്തിയത്. 50,000 രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. പണം നൽകാതെ വന്നതോടെയാണ് ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പ്രതികൾ പിടിയിലായിരുന്നു. സ്ഥാപനത്തിന്റെ ഉടമ സംഭവത്തിന്റെ പിന്നിൽ ക്വട്ടേഷൻ ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു.കേസിലെ മുഴുവൻ പ്രതികളും പിടിയിലായിരുന്നു. ഇന്നലെ രാത്രിയാണ് ഒളിവിൽ കഴിഞ്ഞിരുന്ന കിരൺ തോമസും സാജൻ തോമസും പോലീസ് സ്റ്റേഷനിൽ എത്തി സ്വമേധയാ കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബംഗളുരുവിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് സൂചന. മറ്റ് നാലു പ്രതികളും പിടിയിലായതോടെയാണ് കിരണും സാജനും കീഴടങ്ങിയത്.അതേസമയം കേസിൽ സംശയനിഴലിലുള്ള ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിന് പിന്നിൽ ഗുണ്ടാപ്പിരിവാണോ അതോ ക്വട്ടേഷൻ അടക്കമുള്ള കാര്യങ്ങൾ ഉണ്ടോ എന്നുള്ള കാര്യവും പോലീസ് പരിശോധിക്കുന്നു. ഇക്കഴിഞ്ഞ ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സ്പായിൽ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തത്. അതിജീവിതയുടെ സഹപ്രവർത്തകയെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
