തൻ്റെ അറിവോടെ അല്ല വാജി വാഹനം കൈമാറിയതെന്ന് ദേവസ്വം ബോർഡ് മുൻ അംഗം കെ.രാഘവൻ. വാജി വാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യവും താൻ പങ്കെടുത്ത ബോർഡ് യോഗങ്ങളിൽ വന്നിട്ടില്ല. ഉത്തരവാദിത്തം പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനും. കോൺഗ്രസ് അംഗങ്ങളായിരുന്നു ബോർഡിൽ ഭൂരിപക്ഷം, താൻ പ്രതിപക്ഷ അംഗം മാത്രമായിരുന്നുവെന്നും കെ രാഘവൻ വ്യക്തമാക്കി.
തൻ്റെ അസാനിധ്യത്തിൽ പല തീരുമാനങ്ങളും എടുത്തു, അതിനെതിരെ ഹൈക്കോടതിയിൽ പോയിരുന്നു. ദേവസ്വം ബോർഡ് മെംബറാകുന്നതിന് മുൻപാണ് കൊടിമരം മാറ്റാനുള്ള തീരുമാനം എടുത്തത്. നെയ്യഭിഷേക അഴിമതിക്കെതിരെയും അന്നു പ്രതികരിച്ചിരുന്നുവെന്നും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.രാഘവൻ വ്യക്തമാക്കി.
വാജിവാഹനം തന്ത്രിക്ക് കൈമാറിയത് കീഴ്‌വഴക്കമനുസരിച്ചാണെന്നും ബോർഡിലെ സിപിഐഎം അംഗമായിരുന്ന രാഘവന്റെയും അറിവോടു കൂടിയാണെന്നും അജയ് തറയിൽ മുൻപ് പറഞ്ഞിരുന്നു. എന്നാൽ, കോൺഗ്രസ് പ്രതിനിധികൾക്ക് ബോർഡിൽ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ പല തീരുമാനങ്ങളും താനറിയാതെയാണ് കൈക്കൊണ്ടതെന്നാണ് രാഘവന്റെ പ്രതികരണം.
