ഓൺലൈൻ ഡെലിവറി ബോയിയുടെ സമയോചിതവും തന്ത്രപൂർവവുമായ ഇടപെടൽ രക്ഷപ്പെട്ടത് ഒരു പെൺകുട്ടിയുടെ ജീവൻ. ഈ അനുഭവം പങ്കുവെച്ച ഡെലിവറി ബോയിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്. എലിവിഷം ഓർഡർ ചെയ്ത പെൺകുട്ടിയെ അനുനയിപ്പിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു.
രാത്രി വൈകിയെത്തിയ മൂന്ന് പാക്കറ്റ് എലിവിഷത്തിന്റെ ഓർഡറിൽ സംശയം തോന്നിയാണ് ഡെലിവറി ബോയി ഓർഡർ ഡെലിവറി ചെയ്യാനായി പോയത്. ആദ്യം ഓർഡർ കാൻസൽ ചെയ്യിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ഥലത്തെത്തിയപ്പോൾ കരഞ്ഞ് നിൽക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്.
എലിയുടെ ശല്യമുണ്ടെങ്കിൽ പകൽ സമയത്തല്ലേ എലി വിഷം ഓർഡർ ചെയ്യേണ്ടതെന്നും ഈ സമയത്ത് എലിവിഷം ഓർഡർ ചെയ്യേണ്ട കാര്യമുണ്ടോയെന്നും ഡെലിവറി ബോയി പോൺകുട്ടിയോട് ചോദിച്ചു. സ്വയം അവസാനിപ്പിക്കാനായിരുന്നോ തീരുമാനം എന്നും ഡെലിവറി ബോയ് ചോദിച്ചു. എന്നാൽ അങ്ങനെയൊന്നുമല്ല എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.
വീണ്ടും ചോദിച്ചപ്പോൾ കാര്യങ്ങൾ പെൺകുട്ടി തുറന്നു പറഞ്ഞു. പിന്നാലെ ഓർഡർ ക്യാൻസൽ ചെയ്യിപ്പിക്കുകയും ചെയ്‌തെന്ന് വിശദമാക്കുന്നതാണ് ഡെലിവറി ബോയ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് യുവാവിന് അഭിനന്ദനവുമായി രംഗത്തെത്തിയത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
