ഗുവാഹത്തി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. 408 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 549 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 140ന് പുറത്തായി. ഇന്ത്യയില്‍ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ജയിക്കുന്നത് 25 വര്‍ഷത്തിന് ശേഷമാണ്.
ടെസ്റ്റ് ചരിത്രത്തിലെ ടീമിന്റെ ഏറ്റവും വലിയ തോല്‍വിയും പേറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ അടിയറവ് പറഞ്ഞത്. 2000ത്തിലെ ഹാന്‍സി ക്രോണ്യക്ക് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്ന നായകനായി ടെംപ ബവുമ. 2-0ന് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി.
രണ്ട് വിക്കറ്റിന് 27 റണ്‍സെന്ന നിലയില്‍ അവസാനദിനം സമനിലക്കായെങ്കിലും എത്തിയ ഇന്ത്യയുടെ കയ്യില്‍ നിന്ന് കളി ആദ്യ സെഷനിലെ പോയി. അര്‍ധസെഞ്ചുറിയോടെ അല്‍പമെങ്കിലും ചെറുത്ത് നിന്നത് രവീന്ദ്ര ജഡേജ മാത്രമാണ്. സിറാജിന്റെ സിക്‌സര്‍ ശ്രമം മാര്‍ക്കോ യാന്‍സന്റെ കൈകളികളിലൊതുങ്ങിയപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സ് 140ല്‍ തീര്‍ന്നു.
ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച യാന്‍സനാണ് കളിയിലെ താരം. സ്പിന്‍ കെണിയൊരുക്കി കാത്തിരുന്ന ഇന്ത്യക്ക് 17 വിക്കറ്റെടുത്ത് പരമ്പര കീഴ്‌മേല്‍ മറിച്ച സൈമണ്‍ ഹാര്‍മര്‍ ടൂര്‍ണമെന്റിന്റെ താരമായി.
