Breaking News

100 ടണ്‍ സ്വര്‍ണം ഇംഗ്ലണ്ടില്‍ നിന്ന് രാജ്യത്തെത്തിച്ച് ആര്‍ബിഐ; വരും മാസങ്ങളിൽ കൂടുതല്‍ സ്വര്‍ണമെത്തിക്കുമെന്ന് സൂചന

Spread the love

ദില്ലി: ബ്രിട്ടനില്‍ സൂക്ഷിച്ച സ്വര്‍ണം ഇന്ത്യയിലെത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ ഇന്ത്യയിലെത്തിച്ചത്. 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി. വരും മാസങ്ങളിൽ സമാനമായ അളവിൽ സ്വർണം രാജ്യത്തേക്ക് വീണ്ടും എത്തിച്ചേക്കുമെന്നും ആര്‍ബിഐ പറയുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് അവസാനം ആർബിഐയുടെ പക്കൽ 822.1 ടൺ സ്വർണമാണ് ഉണ്ടായിരുന്നത്. അതിൽ 413.8 ടൺ വിദേശത്തായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27.5 ടൺ സ്വർണം നിക്ഷേപത്തില്‍ ഉള്‍പ്പെടുത്തി.

ഒട്ടുമിക്ക സെൻട്രൽ ബാങ്കുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ് പരമ്പരാഗതമായി സ്വര്‍ണം സംഭരിക്കുന്നത്. ആർബിഐ വാങ്ങുന്ന സ്വര്‍ണത്തിന്‍റെ സ്റ്റോക്ക് വിദേശത്ത് വർധിക്കുന്നതിനാൽ കുറച്ച് ഭാഗം ഇന്ത്യയിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. 15 വർഷം മുമ്പ് അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് ആര്‍ബിഐ 200 ടൺ സ്വർണ്ണം വാങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സ്വര്‍ണ നിക്ഷേപത്തില്‍ വർധനവ് ഉണ്ടായിട്ടുണ്ട്.

എന്നാൽ മാർച്ച് അവസാനത്തോടെയാണ് സ്വര്‍ണനീക്കം ആരംഭിച്ചത്. മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ഇത്രയും സ്വര്‍ണം ഇന്ത്യയിലെത്തിച്ചത്. കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കിയെങ്കിലും ഇറക്കുമതിയിൽ ചുമത്തുന്ന സംയോജിത ജിഎസ്ടിയിൽ ഇളവ് നല്‍കിയില്ല. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളിലാണ് സ്വര്‍ണം എത്തിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നൽകുന്ന തുക സ്റ്റോറേജ് ചിലവിൽ കുറച്ച് ലാഭിക്കാനും ഈ നീക്കം ആർബിഐയെ സഹായിക്കും. മുംബൈയിലെ മിൻ്റ് റോഡിലെയും നാഗ്പൂരിലെയും ആർബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ നിലവറകളിലുമാണ് സ്വര്‍ണം സൂക്ഷിക്കുക.

You cannot copy content of this page