Breaking News

റെമാൽ ചുഴലിക്കാറ്റ്; കൊൽക്കത്തയിൽ രണ്ടുമരണം

Spread the love

ഗുവാഹത്തി: റെമാൽ ചുഴലിക്കാറ്റിൽ കൊൽക്കത്തയിൽ രണ്ടു മരണം. മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റയാളും,വീടിന് മുകളിൽ മരം വീണ് വയോധികയും മരിച്ചു. ബംഗാളിലെ തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊൽക്കത്ത വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു. ഉച്ചയ്ക്ക് ശേഷം കാറ്റിൻ്റെ വേഗത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സതേൺ, ഈസ്റ്റേൺ റെയിൽവേയുടെ നിരവധി ട്രെയിനുകൾ റദ്ദാക്കി. അതിശക്തമായ മഴ പെയ്യുമെന്ന പ്രവചനത്തിൻ്റെ പശ്ചാത്തലത്തിൽ അസമിലെ പല ജില്ലകളും അതീവ ജാഗ്രതയിലാണ്. സുരക്ഷാ നടപടികൾ പാലിക്കാനും അടിയന്തര സാഹചര്യങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രയോജനപ്പെടുത്താനും ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു. ചുഴലിക്കാറ്റിൻ്റെ ആഘാതം മൂലമുള്ള നാശനഷ്ടങ്ങളുടെ റിപ്പോർട്ടുകളൊന്നും സംസ്ഥാനത്ത്‌ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അസമിലെ ചിരാംഗ്, ഗോൾപര, ബക്‌സ, ദിമ ഹസാവോ, കച്ചാർ, ഹൈലകണ്ടി, കരിംഗഞ്ച് ജില്ലകളിൽ റെഡ് അലേർട്ടും ധുബ്രി, സൗത്ത് സൽമാര, ബോംഗൈഗാവ്, ബജാലി, താമുൽപൂർ, ബാർപേട്ട, നൽബാരി, മോറിഗാവ്, നാഗോൺ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ അസമിലും മേഘാലയയിലും ഇന്ന് മണിക്കൂറിൽ 40-50 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

അതേസമയം, ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ യാതൊരു കാരണവശാലും ബംഗാൾ ഉൽക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാനത്ത്‌ നിർദേശമുണ്ട്. മെയ് 31ന് മുന്‍പായി കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരളത്തില്‍ വീണ്ടും മഴ കനക്കും. ഈ രണ്ടു ദിവസവും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

You cannot copy content of this page