Breaking News

വടകരയില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം; ആഹ്ളാദപ്രകടനം വൈകുന്നേരം ഏഴുവരെ മാത്രം

Spread the love

കോഴിക്കോട്: വടകരയില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം. തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലിന് വിജയിച്ചവര്‍ക്ക് മാത്രമാണ് ആഘോഷ പരിപാടികള്‍ നടത്താന്‍ അനുമതി. വൈകുന്നേരം 7 മണി വരെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാം. അതേസമയം വാഹന ഘോഷയാത്രകള്‍ അനുവദിക്കില്ല. സര്‍വ്വകക്ഷി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം കൈകൊണ്ടത്.

മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ബാനറുകളും പോസ്റ്ററുകളും നീക്കാനും നടപടിയെടുക്കും. കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിലാണ് ഇന്ന് സര്‍വ്വകക്ഷിയോഗം നടന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും സമാധാന അന്തരീക്ഷം തുടരുമെന്ന ഉറപ്പ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നല്‍കി. അതേസമയം വ്യാജ കാഫിര്‍ പ്രയോഗത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധമറിയിച്ചു. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിംലീഗും സിപിഐഎമ്മും ആവശ്യപ്പെട്ടിരുന്നു.

സിപിഐഎം, യുഡിഎഫ്, ആര്‍എംപി, ബിജെപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സമാധാന ശ്രമങ്ങള്‍ക്ക് ഇടതു മുന്നണി ഒപ്പമുണ്ടാകുമെന്ന് സിപിഐഎം വ്യക്തമാക്കി. നിലവിലെ പരാതികളില്‍ പൊലീസ് അന്വേഷണം വൈകുന്നതിലെ അതൃപ്തി യുഡിഎഫ് നേതാക്കള്‍ യോഗത്തിലറിയിച്ചു.

You cannot copy content of this page