കടപ്ലാമറ്റം: കുടുംബാരോഗ്യകേന്ദ്രത്തിലെ പുതിയ ഒപി ബ്ലോക്ക് നിര്‍മ്മാണത്തിന് 2022-23 കാലയളവിൽ ബഡ്ജറ്റിൽ അനുവദിച്ച 2.5 കോടി രൂപക്ക് സംസ്ഥാന സർക്കാരിൻറെ ഭരണാനുമതി ലഭിച്ചു.
ജോസ് കെ. മാണി എംപി , മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ആരോഗ്യ വകുപ്പിലും ഫിനാൻസ് വകുപ്പിലും നടത്തിയ ഇടപെടൽ മൂലമാണ് പദ്ധതിക്ക് വേഗത്തിൽ അനുമതി ലഭിച്ചത്.
ഏകദേശം 3 വർഷത്തിലധികമായി ബ്ലോക്ക് പഞ്ചായത്ത് കടപ്ലാമറ്റം ഡിവിഷൻ മെമ്പർ ജീന സിറിയക്, ജില്ലാ പഞ്ചായത്ത് മെമ്പർ നിർമല ജിമ്മി, മുൻ പി. എസ്. സി മെമ്പർ ബോണി കുര്യാക്കോസ്,
എന്നിവരുടെ നിരന്തര പരിശ്രമഫലമാണ് ഈ അനുമതിക്ക് പിന്നിൽ.
ഇപ്പോള്‍ അനുമതി ലഭിച്ച 2.5കോടിയും കേന്ദ്ര ആരോഗ്യ ഹെൽത്ത് ഗ്രാൻ്റ് 1.43 കോടിയും കൂടി വരുമ്പോള്‍ 3.93 കോടി രൂപക്ക് രണ്ട് നിലയില്‍ പുതിയ ഒപി. ബ്ലോക്ക് പൂര്‍ത്തിയാകും.
78 വര്‍ഷം പിന്നിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി.പുതിയ കെട്ടിടം നിര്‍മിക്കാന്‍ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കടപ്ലാമറ്റം കുടുംബാരോഗ്യ കേന്ദ്രം. 78 വര്‍ഷം പഴക്കമുള്ള മെറ്റേണിറ്റി വാര്‍ഡ്, പഴയ ലബോറട്ടറി, മഹാത്മാഗാന്ധി വാര്‍ഡ് എന്നിവയാണ് പൊളിച്ചു നീക്കുന്നത്.
സ്ഥലപരിമിതി നേരിടുന്ന ഇവിടെ നൂറ് കണക്കിന് സാധാരണക്കാരയ രോഗികള്‍ നിത്യേന ചികിത്സ തേടി എത്തുന്നു. മൂന്ന് മെഡിക്കല്‍ ഓഫീസര്‍മാരുടെയും ഒരു ഡെന്റല്‍ ഡോക്ടറുടെയും സേവനം ലഭിക്കുന്നു. ദിവസവും രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെയും ഞായറാഴ്ച ഉള്‍പ്പെടെ അവധി ദിവസങ്ങളില്‍ രണ്ട് വരെയും ഡോക്ടറുടെ സേവനം ലഭ്യമാണ്. ലബോറട്ടറി, നേത്ര പരിശോധന, ഫിസിയോതെറാപ്പി, പാലിയേറ്റീവ് എന്നീ വിഭാഗം സേവനങ്ങള്‍ ലഭിക്കുന്നു.
