Breaking News

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനം: സെര്‍ച്ച് കമ്മിറ്റി സുപ്രീംകോടതി രൂപീകരിക്കും

Spread the love

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ഇടപെട്ട് സുപ്രീംകോടതി. വി സിമാരെ നിശ്ചയിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി കോടതി രൂപീകരിക്കും. നാല് പേരുകള്‍ വീതം നല്‍കാന്‍ സര്‍ക്കാരിനും ചാന്‍സലര്‍ക്കും നിര്‍ദേശം നല്‍കി. പേരുകള്‍ നാളെ നിര്‍ദേശിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജെ ബി പര്‍ദ്ദിവാല അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

സുപ്രീംകോടതി നിര്‍ദേശം മറികടന്നും ചട്ടം ലംഘിച്ചും ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താല്‍ക്കാലിക വിസിമാര്‍ക്ക് പുനര്‍നിയമനം നല്‍കിയ ഗവര്‍ണറുടെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.സര്‍വകലാശാല ചട്ടം വായിച്ച് കേള്‍പ്പിച്ച കോടതി, ഗവര്‍ണര്‍ ചട്ടങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ രൂപീകരിച്ച ബദല്‍ സെര്‍ച്ച് കമ്മിറ്റിയാണ് വിസി നിയമത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന വാദവും കോടതി അംഗീകരിച്ചു.

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനം എന്തുകൊണ്ട് വൈകുന്നു എന്നതായിരുന്നു സുപ്രീം കോടതി ഇന്ന് ഉന്നയിച്ച ചോദ്യം. സെര്‍ച്ച് കമ്മറ്റി രൂപീകരിക്കാനുള്ള അധികാരം ആര്‍ക്കാണെന്നും കോടതി ചോദിച്ചു. യുജിസി ചട്ടപ്രകാരം അത് ചാന്‍സിലറുടെ അധികാരമാണെന്നായിരുന്നു ചാന്‍സിലറുടെ വാദം. തങ്ങള്‍ക്കാണ് അധികാരമെന്ന് സര്‍ക്കാരും വാദിച്ചു. ഈ തര്‍ക്കത്തിലാണ് ഇടപെടല്‍.

താല്‍ക്കാലിക വിസി നിയമനത്തില്‍ കഴിഞ്ഞ 14ന് സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി വന്നിരുന്നു. ഇതോടെ സിസ തോമസും ശിവപ്രസാദും ചുമതലയില്‍നിന്നു മാറേണ്ടിയും വന്നു. എന്നാല്‍ ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിക്കുകയും പുതിയ വൈസ് ചാന്‍സലര്‍മാരുടെ നിയമിക്കുന്നതുവരെ താല്‍ക്കാലിക വിസിമാര്‍ക്കു തുടരാമെന്ന വിധി നേടുകയും ചെയ്തിരുന്നു.

You cannot copy content of this page