കൊച്ചി: കൊച്ചിയിലെ ലഹരി ഇടപാടുകാരില്‍ പ്രധാനിയായ ലിജിയ മേരി ജോയ് പിടിയില്‍. തൈക്കൂടത്തെ ലോഡ്ജില്‍ നിന്നാണ് ലിജിയയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ലിജിയ കാണാനായി ലോഡ്‌ജിലെത്തിയ രണ്ട് സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്. ലോഡ്‌ജ് മുറിയില്‍ നടത്തിയ പരിശോധനയില്‍ 23 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം കണ്ടെടുത്തു.
ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലഹരി എത്തിച്ച് വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയാണ് ലിജിയയെന്നാണ് വിവരം. ലിജിയയില്‍ നിന്ന് എംഡിഎംഎ വാങ്ങാനെത്തിയതായിരുന്നു പിടിയിലായ മറ്റ് രണ്ട് പേർ. മരട് സ്വദേശികളായ സജിത് സാജൻ, വിഷ്‌ണു പ്രഹ്ലാദൻ എന്നിവരാണ് പിടിയിലായ ഇടപാടുകാർ. മൂവരെയും വൈദ്യ പരിശോധനയടക്കം നടപടിക്രമങ്ങള്‍ പൂർത്തിയാക്കി കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിന്‍റെ സിനിമാ ബന്ധങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. സിനിമാ മേഖലയിലെ പ്രമുഖർക്ക് റിൻസി ലഹരിയെത്തിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം. റിൻസി ഇടപാട് നടത്തിയവരുടെ ലിസ്റ്റ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. വാട്ട്സാപ്പ് ചാറ്റുകളില്‍ നിന്ന് വൻതോതില്‍ ലഹരി വാങ്ങിയതിന്‍റെയും വിറ്റതിന്‍റെയും കണക്കുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. നിലവില്‍ റിമാന്‍ഡിലുള്ള റിന്‍സിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.
