Breaking News

മസ്തകത്തിൽ മുറിവേറ്റ ആനയെ മയക്കുവെടി വെച്ചു; കാട്ടാനക്കൊപ്പമുള്ള ആനയെ തുരത്തി

Spread the love

അതിരപ്പിള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ ആനയെ മയക്കുവെടി വെച്ചു. ഒരു ഡോസ് മയക്കുവെടിയാണ് വെച്ചത്. കൊമ്പനൊപ്പം മറ്റൊരു കാട്ടാനയും ഉണ്ട്. മയക്കുവെടിയേറ്റ ആന മയക്കത്തിലേക്ക് നീങ്ങി. ഒപ്പമുള്ള ആന മാറാതെ പിടികൂടുക എന്ന ദൗത്യത്തിലേക്ക് കടക്കാൻ കഴിയില്ല. ഒപ്പമുള്ള ആന തുമ്പിക്കൈ ഉപയോ​ഗിച്ച് ഉണർത്താൻ ശ്രമം നടത്തി. ഏഴാറ്റുമുഖം ​ഗണപതി എന്ന കാട്ടാനയാണ് പരുക്കേറ്റ ആനക്കൊപ്പമുള്ളത്.

പരുക്കേറ്റ ആനയെ വലിയ രീതിയിൽ ചിന്നം വിളിച്ച് ഉണർത്താനാണ് ഏഴാറ്റുമുഖം ​ഗണപതി എന്ന കാട്ടാന ശ്രമിക്കുന്നത്. വനംവകുപ്പ് ചീഫ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ അടക്കമുള്ള സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്. ആനയെ പിടികൂടിയാൽ കോടനാട് അഭയാരണ്യത്തിലേക്ക് മാറ്റും. ഏഴാറ്റുമുഖം ഗണപതിയ്ക്കെതിരെ റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. പരുക്കേറ്റ ആനയെ കുത്തിമറിച്ചിട്ടതിനെ തുടര്‍ന്നാണ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചത്. ആനയെ പ്രദേശത്ത് നിന്ന് തുരത്തി.

ആന മയങ്ങി നിന്നതിനാൽ കൊമ്പ് ഉപയോ​ഗിച്ച് തള്ളിയതിനെ തുടർന്നാണ് ആന മറിഞ്ഞുവീണത്. മറിഞ്ഞുവീണ ആനയുടെ അടുത്തേക്ക് ഡോ. അരുൺ സക്കറിയ അടക്കമുള്ള സംഘം എത്തി. ആനയെ എഴുന്നേൽപ്പിക്കാൻ ഇനി കുങ്കിയാനകളുടെ സഹായം ആവശ്യമായി വരും. ആനയെ പിടികൂടി എറണാകുളം കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ചാൽ താമസിപ്പിക്കാനുള്ള ആനക്കൂട് ബലപ്പെടുത്താനുള്ള ജോലികളും ഒരു വശത്ത് ആരംഭിച്ചിരുന്നു. മൂന്നാറിൽ നിന്നും 100ൽ അധികം യൂക്കാലിപ്സ് മരങ്ങളാണ് ഇതിനായി കോടനാട്ടേക്ക് എത്തിച്ചിരിക്കുന്നത്.

ആനയെ പിടികൂടാനായി മൂന്ന് കുങ്കിയാനകളെയും അതിരപ്പള്ളിയിൽ എത്തിച്ചിരുന്നു. അരിക്കൊമ്പൻ ദൗത്യത്തിൻ്റെ ഭാഗമായിരുന്ന കോന്നി സുരേന്ദ്രൻ, കുഞ്ചു , വിക്രം തുടങ്ങിയ കുങ്കിയാനകളെയാണ് അതിരപ്പിള്ളിയിൽ എത്തിച്ചത്. ആനയെ മയക്കുവെടി വെച്ച് പിടികൂടിയാൽ അതിജീവിക്കാൻ 30 ശതമാനം മാത്രമെ സാധ്യതയുള്ളൂ എന്നാണ് വനംവകുപ്പ് ഉന്നതല യോഗത്തിൽ ഡോക്ടർമാരുടെ സംഘം വ്യക്തമാക്കിയത്.

You cannot copy content of this page