പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി തന്റെ പേരാണ് നിർദേശിച്ചതെന്ന് ഡിസിസി അറിയിച്ചിരുന്നതായി കെ മുരളീധരൻ.
തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ എ ഐ സി സിക്ക് കത്തയച്ചിട്ടുണ്ടെന്നാണ് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ കത്ത് എങ്ങനെ പുറത്തുവന്നെന്ന് തനിക്കറിയില്ല.
സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കത്തിന്മേല്‍ ഇനിയൊരു ചർച്ചക്ക് പ്രസക്തിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി. അതേസമയം, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് പല പേരുകളും ചർച്ചയ്ക്ക് വരാറുണ്ടെന്നാണ് യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.
അത്തരത്തില്‍ കെ മുരളീധരന്റെ പേരും ചർച്ചയ്ക്ക് വന്നിട്ടുണ്ടെങ്കില്‍ അതിലെന്താണ് തെറ്റെന്നും കേരളത്തിലെ ഏത് മണ്ഡലത്തിലേക്കും അനുയോജ്യനായ സ്ഥാനാർത്ഥിയാണ് മുരളീധരനെന്നും രാഹുൽ പറഞ്ഞു.
മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് രണ്ട് പേജുള്ള കത്താണ് എ ഐ സി സിക്ക് അയച്ചത്. കത്തിന്റെ ഒരുഭാഗം ഇന്നലെ പുറത്തുവന്നിരുന്നു. ബി ജെ പിയെ തോല്‍പ്പിക്കാൻ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്നും ഡി സി സി ഭാരവാഹികള്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണിതെന്നും കത്തില്‍ പറയുന്നുണ്ട്. പുറത്തുവന്ന കത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരുണ്ടായിരുന്നുമില്ല.
എന്നാല്‍ കത്തിനെ കുറിച്ച് തനിക്ക റിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത് . സ്ഥാനാർത്ഥി നിർണയ സമയത്ത് പലരുടെയും പേരുകള്‍ ഉയർന്നു വരുമെന്നും പല ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനമെടുക്കുകയെന്നും സതീശൻ വ്യക്തമാക്കി .