പാലക്കാട്: പാലക്കാട് ഡി.സി.സി എ.ഐ.സി.സിക്ക് അയച്ച കത്തിപ്പോള്‍ പുറത്തു വന്നതിന് പിന്നില്‍ സി.പി.എം, ബി.ജെ.പി ഗൂഢാലോചനയാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍.
പി.പി ദിവ്യയുമായി ബന്ധപ്പെട്ടതും പാലക്കാട് ആർ.എസ്.എസ് പിന്തുണ തേടി സി.പി.എം കൊടുത്തതുമായ രണ്ട് കത്തുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആ കത്തുകള്‍ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടി പുറത്തുവിട്ടിരിക്കുന്നതാണ് ഡി.സി.സിയുടെ കത്തെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ ആരോപിച്ചു.
കോണ്‍ഗ്രസ് ജനാധിപത്യ പാർട്ടിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർഥിയെ കുറിച്ച് പറയാൻ ആർക്കും അവകാശമുണ്ട്. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ മത്സരിക്കാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണ് കെ. മുരളീധരൻ. അതില്‍ ആർക്കും തർക്കമില്ല. അത്കൊണ്ടാണ് പല പ്രധാന പോരാട്ടങ്ങളിലും അദ്ദേഹത്തെ പാർട്ടി കളത്തിലിറക്കുന്നത്. ഡി.സി.സി അദ്ദേഹത്തെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് കൊടുത്തതില്‍ ഒരു തെറ്റുമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം കത്ത് ചർച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ലെന്നും ഒരു സ്ഥാനാർഥി മികച്ചതാണെന്ന് പറയുമ്പോള്‍ മറ്റെയാള്‍ മോശമാണെന്ന് അതിനർഥമില്ലെന്നും രാഹുല്‍ പറഞ്ഞു.
കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് നിർദേശിച്ച് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ കെ.പി.സി.സി നേതൃത്വത്തിന് കൊടുത്ത കത്താണിപ്പോൾ വിവാദമായിരിക്കുന്നത്. മുരളീധരനെ മത്സരിപ്പിക്കാൻ ഡി.സി.സി ഭാരവാഹികള്‍ ഐകകണ്‌ഠ്യേനയാണ് തീരുമാനമെടുത്തതെന്നും ബി.ജെ.പിയെ തോല്‍പിക്കാൻ മുരളീധരന്റെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നും കത്തില്‍ പറയുന്നുണ്ട്. രണ്ട് പേജുള്ള കത്തിന്റെ ഒരു ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഒരു ഭാഗത്തും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പരാമർശിച്ചിട്ടില്ല.
സിപി എം കത്ത് പ്രചാരണായുധമാക്കിയിരിക്കുകയാണ്. പാലക്കാട് ബി.ജെ.പിയെ സഹായിക്കാനാണ് കെ. മുരളീധരനെ ഒഴിവാക്കിയതെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചിരുന്നു.
മുരളീധരൻ ഇലക്ഷൻ പ്രചാരണ രംഗത്തു നിന്ന് വിട്ടു നിൽക്കുന്നതും കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നതും കോൺഗ്രസിനെ സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്.