പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് മുതല്‍ കോൺഗ്രസ് നേരിട്ടു കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ് .
സ്ഥാനാർത്ഥിയായിരാഹുല്‍ മാങ്കൂട്ടത്തില്‍ വന്നതോടെ ജില്ലയില്‍ നിന്ന് തന്നെയുള്ള വലിയൊരു വിഭാഗം നേതാക്കൾ എതിർപ്പറിയിച്ചിരുന്നു . പിന്നീട് ഡോ. പി സരിൻ ഇതില്‍ പ്രതിഷേധിച്ച് പാർട്ടി വിടുകയും എല്‍ഡിഎഫ് സ്ഥാനാർത്ഥിയാവുകയും ചെയ്‌തു. എന്നാല്‍ മറ്റൊരു വിവാദമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ അലട്ടിക്കൊണ്ടിരിക്കുന്നത്.
പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെയാണ് പാലക്കാട് ഡിസിസിയുടെ ഒരു കത്ത് പുറത്തുവന്നത്. പാലക്കാട് മണ്ഡലത്തില്‍ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാൻഡിനു നൽകിയ കത്താണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് . അതിൽ കെ. മുരളീധരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന നിർദ്ദേശമായിരുന്നു ഡിസിസി കൈമാറിയിരുന്നത്.
എന്നാല്‍ ഈ നിർദ്ദേശത്തെ മറികടന്നു കൊണ്ടാണ് പാലക്കാടേക്ക് സംസ്ഥാന നേതൃത്വം രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയത്.
ഇത് വലിയ ചർച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. മണ്ഡലത്തില്‍ കെട്ടിയിറക്കിയ സ്ഥാനാർത്ഥിയാണ് രാഹുലെന്നും, വിമത നീക്കങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ കാരണമുണ്ടെന്നുമുള്ള ഒരു വിഭാഗത്തിന്റെ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. വിവാദം കെ മുരളീധരൻ അനുകൂലികള്‍ കൂടി ഏറ്റെടുത്താല്‍ അത് കോണ്‍ഗ്രസിന് വലിയ ക്ഷീണമായി മാറാനാണ് സാധ്യത.
നേരത്തെ തന്നെ തൃശൂരില്‍ മുരളീധരന്റെ പരാജയത്തില്‍ പാർട്ടിക്കുള്ളിലെ ചില നേതാക്കളെ പ്രതിക്കൂട്ടില്‍ നിർത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് നേതൃത്വത്തിന് വഴങ്ങിയ മുരളീധരൻ മൗനം പാലിച്ചു. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എങ്കിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലോ പാലക്കാട് നിയമസഭാ മണ്ഡലത്തിലോ മത്സരിക്കാൻ പാർട്ടി നിർദ്ദേശിക്കുമെന്ന് മുരളീധര പക്ഷം പ്രതീക്ഷ പുലർത്തിയിരുന്നു.
എന്നാല്‍ വയനാട്ടില്‍ പ്രിയങ്ക വരുമെന്ന് പെട്ടെന്ന് തന്നെ തീരുമാനമായതോടെ പ്രതീക്ഷ മുഴുവൻ പാലക്കാട്ടായിരുന്നു. എന്നാല്‍ അവിടെയും ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശം അടിമറിച്ച് സംസ്ഥാന നേതൃത്വം രാഹുലിന് അനുകൂലമായ തീരുമാനം എടുത്തതോടെ ആ പ്രതീക്ഷയും മുരളീധരൻ പക്ഷത്തിന് ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.
സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതാണെന്നും അതിനാല്‍ ഈ കത്തിന്റെ കാര്യം ചർച്ച ചെയ്യേണ്ടതില്ലെന്നുമാണ് ഇന്നലെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ തന്റെ പേര് നിർദ്ദേശിച്ച കാര്യം ഡിസിസി മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും മുരളീധരൻ പ്രതികരിച്ചു. എന്നാല്‍ മുരളീധരൻ അനുകൂലികള്‍ വിഷയം ഏറ്റെടുത്തിരിക്കുകയാണ്.
അതിലേറെ കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്ന കാര്യം പാർട്ടി വിട്ട വിമതൻ ഡോ. പി സരിൻ ഇത് ആയുധമാക്കുമെന്നതാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് സ്ഥാനാർത്ഥിയാകുന്നതില്‍ ആദ്യം എതിർപ്പ് ഉന്നയിച്ച ആളുകളില്‍ ഒരാളായിരുന്നു സരിൻ. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തില്‍ ഡിസിസിയും സംസ്ഥാന നേതൃത്വവും രണ്ട് തട്ടില്‍ ആണെന്നത് സരിന്റെ വാദങ്ങള്‍ക്ക് ആക്കം കൂട്ടുന്ന തെളിവുകൾ പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയണ് കോണ്‍ഗ്രസ് .
ഇപ്പോള്‍ പുറത്ത് വന്ന കത്ത് യുഡിഎഫിന്റെ കുറ്റ സമ്മതമാണ് എന്നായിരുന്നു സരിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ അവർ തോല്‍വി സമ്മതിച്ചുവെന്നും ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ താൻ മോശം സ്ഥാനാർത്ഥിയാണ് എന്ന് കത്തില്‍ പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതിനോട് പ്രതികരിച്ചത്.
നിലവിലെ സാഹചര്യത്തില്‍ ഡിസിസിയുടെ കത്തില്‍ കരുതലോടെ പ്രതികരിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. മുരളീധരനെ ഒപ്പം നിർത്തി കൊണ്ട് തന്നെ രാഹുലിന്റെ പ്രചാരണത്തിന്റെ ഭാഗമാക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഇല്ലെങ്കില്‍ ഭിന്നത എന്ന സംശയം വോട്ടർമാർക്ക് ഇടയിലും ഉടലെടുക്കും എന്നതാണ് ഈ നീക്കത്തിന് പിന്നില്‍. എന്തായാലും ഡിസിസിയുടെ കത്ത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണെന്ന കാര്യത്തിൽ തർക്കമില്ല.