പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ മുരളീധരനെയായിരുന്നുവെന്ന് തെളിയിക്കുന്ന കത്തിന്റെ രണ്ടാം പേജും പുറത്തുവന്നു.
കത്തില്‍ ഒപ്പുവെച്ച നേതാക്കളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജില്ലയില്‍നിന്നുള്ള മുതിര്‍ന്ന അഞ്ചുനേതാക്കളാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
വി.കെ. ശ്രീകണ്ഠന്‍ എംപി, മുന്‍ എംപി വിഎസ് വിജയരാഘവന്‍, കെപിസിസി നിര്‍വാഹകസമിതി അംഗം സിവി ബാലചന്ദ്രന്‍ . കെപിസിസി ജനറല്‍ സെക്രട്ടറി പ്രൊഫ. കെഎ. തുളസി എന്നിവരാണ് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ കൊടുത്ത കത്തില്‍ ഒപ്പിട്ടിരിക്കുന്നത്
എഐസിസി ജനറല്‍ സെക്രട്ടറി കെസി. വേണുഗോപാലിനും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ക്കും അയച്ച കത്തിൻ്റെ കോപ്പിയാണ് പുറത്തുവന്നിരിക്കുന്നത്.
മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണം പൊടിപൊടിക്കുന്നതിനിടയിലാണ് കത്ത് പുറത്തുവന്നത്. അതേസമയം ഈ കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ പ്രതികരിച്ചത്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്തവുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ ആദ്യഘട്ടം മുതലേ എതിർപ്പുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് പാർട്ടിയുടെ സോഷ്യല്‍ മീഡിയ കണ്‍വീനറായിരുന്ന പി സരിൻ പാർട്ടിവിടുന്നതും പിന്നീട് ഇടത് പക്ഷ സ്വതന്ത്രനായി മത്സരിക്കുന്നതും.
കത്തിൻ്റെ രണ്ടാം പേജുകൂടി പുറത്തുവന്നതോടുകൂടി കോൺഗ്രസ് ക്യാമ്പിലെ പടല പിണക്കം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.