ന്യൂഡല്‍ഹി : മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് പാർട്ടിക്ക് കൂടുതല്‍ കരുത്ത് പകർന്നിട്ടുണ്ട്.
ഹരിയാന തിരഞ്ഞെടുപ്പില്‍ എഎപിയെ മുന്നില്‍ നിന്ന് നയിക്കുക ഇനി കേജ്‌രിവാള്‍ ആയിരിക്കും. ‘തീർച്ചയായും, ഇനി അരവിന്ദ് കേജ്‌രിവാള്‍ ആകും തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുക’- എഎപി എംപി രാഘവ് ഛദ്ദ ഇന്ന് വ്യക്തമാക്കിയത് ഇങ്ങനെയാണ്.
ഹരിയാനയില്‍ എഎപിയും കോണ്‍ഗ്രസും തമ്മില്‍ തിരഞ്ഞെടുപ്പ് സഖ്യത്തിനായി ചർച്ചകള്‍ നടന്നുവെങ്കിലും, സീറ്റ് വിഹിതത്തെ ചൊല്ലിയുള്ള വഴിമുട്ടി. 10 സീറ്റുകള്‍ വേണമെന്നായിരുന്നു എഎപിയുടെ ആവശ്യം. അഞ്ച് സീറ്റില്‍ കൂടുതല്‍ പറ്റില്ല എന്ന നിലപാടില്‍ ഉറച്ചുനിന്ന കോണ്‍ഗ്രസ് ഇതിന് വഴങ്ങിയില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപിയുമായി സഖ്യം ഉണ്ടാക്കിയിട്ടും ഡല്‍ഹിയില്‍ ഒരു സീറ്റ് പോലും നേടാനായില്ല എന്നാണ് ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദർ ഹൂഡ ഇതിന് ന്യായമായി ചൂണ്ടിക്കാട്ടിയത്. അവരുടെ കണക്കുകൂട്ടല്‍ പ്രകാരം ഹരിയാനയില്‍ കോണ്‍ഗ്രസിന് ഉറച്ച സാധ്യത ഉണ്ട്.
എന്നാല്‍ കേജ്‌രിവാള്‍ തന്നെ മുന്നില്‍നിന്ന് പ്രചാരണം നയിക്കുമ്ബോള്‍ ചിത്രം മാറും എന്നതാണ് ഇപ്പോഴത്തെ ആശങ്ക. എഎപി നേടുന്ന ഓരോ വോട്ടും കോണ്‍ഗ്രസിന്റെ വോട്ടു ബാങ്കിലാണ് ചോർച്ച ഉണ്ടാക്കുക. കോണ്‍ഗ്രസിന്റെ പ്രധാന എതിരാളികളായ ബിജെപിക്ക് ഇത് വലിയ തോതില്‍ ഗുണം ചെയ്യും.
അതേസമയം ഹരിയാനയില്‍ കേജ്‌രിവാളും എഎപിയും വലിയ പ്രതീക്ഷയിലുമാണ്. ഡല്‍ഹിയിലും പഞ്ചാബിലും സ്വന്തം സർക്കാരുകള്‍ ഉള്ളത് ഹരിയാനയില്‍ ഏറ്റവും അനുകൂല ഘടകമായി എഎപി വിലയിരുത്തുന്നു. മാത്രമല്ല, കേജ്‌രിവാളിന്റെ സ്വന്തം നാടെന്ന നിലയിലും ഹരിയാനയില്‍ പാർട്ടിക്ക് വിജയ പ്രതീക്ഷകളുണ്ട്.