ബെംഗളൂരു: ബെംഗളൂരു റൂറലിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയും തന്റെ സഹോദരനുമായ ഡി.കെ.സുരേഷിനു സർക്കാർ സംവിധാനങ്ങള്‍ ഉപയോഗിച്ച് വോട്ടു തേടിയെന്നാരോപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ബിജെപി.
കർണാടക സർക്കാരിന്റെ ഔദ്യോഗിക വിഡിയോയില്‍ ശിവകുമാർ സുരേഷിനായി വോട്ട് അഭ്യർഥിച്ചുവെന്നാണ് ബി ജെ പി യുടെ പരാതി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനു ശിവകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വിഡിയോകള്‍ നിർമിച്ചതിന്റെ പണം സുരേഷിന്റെ തിരഞ്ഞെടുപ്പ് ചെലവിനൊപ്പം ചേർക്കണമെന്നും ബിജെപി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ സംസ്ഥാനത്ത് നിന്നുള്ള ഏക എംപിയായ ഡി.കെ.സുരേഷിന്റെ ആസ്തിയില്‍ കഴിഞ്ഞ 5 വർഷത്തിനിടെ 75% വർധന ഉണ്ടായിട്ടുണ്ട്. നാമനിർദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 593 കോടി രൂപയുടെ സ്വത്താണ് സുരേഷിനുള്ളത്. 5 വർഷങ്ങള്‍ക്കു മുൻപ് ഇതു 338 കോടിയായിരുന്നു. ബാധ്യതകള്‍ 51 കോടി രൂപയില്‍ നിന്നു 150 കോടിയായും വർധിച്ചു.