Breaking News

ഇന്ത്യയുടെ വസ്ത്രകയറ്റുമതിയിൽ ഇടിവ്; മുന്നിലെത്തി ബംഗ്ലാദേശും വിയറ്റ്നാമും

Spread the love

ന്യൂഡൽഹി: ആഗോള വസ്ത്രകയറ്റുമതിയുടെ മുൻനിരയിലുണ്ടായിരുന്ന ഇന്ത്യ ബംഗ്ലാദേശിനും വിയറ്റ്നാമിനും പിന്നിലെത്തി. ഒരു ദശാബ്ദം മുമ്പ്, 2013-14 കാലത്ത് 1500 കോടി ഡോളറിന്റെ കയറ്റുമതി നടന്നെങ്കിൽ 2023-24 കാലത്തത് 1450 കോടി ഡോളറായി കുറഞ്ഞു. ഇക്കാലത്ത് 4.6 ശതമാനം വളർച്ച കടലാസിലുണ്ടെങ്കിലും 2018 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ 7.59 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. മുമ്പത്തെ നേട്ടങ്ങളെയെല്ലാം റദ്ദാക്കുന്നതാണ് ഈ കണക്ക്.

ഒരു ദശാബ്ദം മുമ്പ് ഇന്ത്യയ്ക്ക് പിന്നിലുണ്ടായിരുന്ന ബംഗ്ലാദേശിന്റെ കയറ്റുമതി 69.6 ശതമാനം വർധിച്ച് 4380 കോടി ഡോളറായി. വിയറ്റ്നാമിന്റേത് 82 ശതമാനം വർധിച്ച് 3340 കോടി ഡോളറിലുമെത്തി. ഇന്ത്യ ഇക്കാര്യത്തിൽ ചൈനയ്ക്കും യൂറോപ്യൻ യൂണിയനും പിന്നിൽ കിതയ്ക്കുകയാണ്. ചൈനയുടെ കയറ്റുമതിയിൽ കാൽഭാഗത്തോളം കുറവുണ്ടായെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷം 11400 കോടി ഡോളർ കയറ്റുമതിയിലൂടെ നേടി ചൈന ഇന്ത്യയെക്കാൾ ബഹുദൂരം മുന്നിലാണ്.

രാജ്യത്ത് അഞ്ചുകോടിയോളം പേർക്ക് തൊഴിൽ നൽകുന്ന, 21 ലക്ഷം കോടിയുടെ വ്യാപാരം നടക്കുന്ന സുപ്രധാനമേഖലയിലാണ് ഈ തളർച്ച. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് ഡേറ്റ പ്രകാരം, ഇന്ത്യയുടെ വസ്ത്ര-തുണിത്തര കയറ്റുമതിയിൽ 2018 മുതൽ 2023 വരെയുള്ള കാലത്ത് 7.87 ശതമാനത്തിന്റെ കുറവാണുണ്ടായത്. 3716 കോടിയിൽ നിന്ന് കയറ്റുമതി 3424 കോടിയായി. വസ്ത്രകയറ്റുമതിയിൽ മാത്രം 7.59 ശതമാനത്തിന്റെ കുറവാണിക്കാലത്തുള്ളത്. 1570 കോടിയിൽ നിന്ന് 1451 കോടിയിലേക്ക് താഴ്ന്നു. തുണിത്തരങ്ങളിലാകട്ടെ 11.69 ശതമാനത്തിന്റെ ഇടിവും. 1624 കോടി കോടിയിൽ നിന്ന് 1434 കോടിയിലേക്ക്. പരുത്തിക്കയറ്റുമതിയിൽ 66 ശതമാനത്തിന്റെ ഇടിവുമുണ്ടായി. 223.5 കോടിയിൽ നിന്ന് 75.6 കോടിയിലേക്ക്.

കേന്ദ്രസർക്കാരിന്റെ അശ്രദ്ധയാണിതിന് കാരണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്‌ ആരോപിച്ചു. തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് സമ്പദ് വ്യവസ്ഥയിലെ തൊഴിൽ സാന്ദ്രതയുള്ള മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് ധനമന്ത്രി വാചാലയായെങ്കിലും വസ്ത്രകയറ്റുമതിയിലെ കണക്കുകൾ വ്യക്തമാക്കുന്നത് സ്വയം കഴുത്ത് ഞെരിക്കുന്നതാണെന്ന് ജയ്റാം രമേശ്‌ പറഞ്ഞു.

ഇറക്കുമതിയിൽ വർധന

അതേസമയം, ഇക്കാലയളവിൽ വസ്ത്ര-തുണിത്തര ഇറക്കുമതി രാജ്യത്ത് വർധിക്കുകയാണ്. 2018 -23 കാലത്ത് 25.46 ശതമാനത്തിന്റെ വളർച്ച. 732 കോടിയിൽ നിന്ന് 918 കോടിയിലേക്ക്. വസ്ത്ര ഇറക്കുമതി മാത്രം 47.90 ശതമാനം വർധിച്ചു. 106 കോടിയിൽ നിന്ന് 156 കോടിയിലെത്തി. പുരുഷന്മാരുടെ സ്യൂട്ടുകളിൽ 49 ശതമാനവും വനിതകളുടെ സ്യൂട്ടുകളിൽ 59 ശതമാനവും വർധനയുണ്ടായി. ടീഷർട്ടുകളിൽ നൂറു ശതമാനവും ഷർട്ടുകളിൽ 16 ശതമാനവും വർധനയുണ്ടായി. തുണിത്തരങ്ങൾക്ക് 20.86 ശതമാനം ഇറക്കുമതി വർധനയാണുള്ളത്. 577 കോടിയിൽ നിന്ന് 697 കോടിയിലെത്തി.

കയറ്റുമതി കുറയാനുള്ള കാരണം

* രാജ്യത്തെ അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന നെയ്ത്തുകാർക്കും തുണിയിലും നൂലിലും നിറം മുക്കുന്നവർക്കുമടക്കം പ്രോത്സാഹനം നൽകാനോ ആധുനീകരണം കൊണ്ടുവരാനോ കഴിഞ്ഞില്ല. ചൈന ഇക്കാര്യത്തിൽ മുൻനിരയിൽ.
* മാറുന്ന ഫാഷൻ. സിന്തറ്റിക് മേഖലയെ പരിഗണിച്ചില്ല.
* ഉയർന്ന കയറ്റുമതി തീരുവയും കടുത്ത തൊഴിൽ നിയമങ്ങളും.

You cannot copy content of this page