ന്യൂഡൽഹി:ബി.ജെ.പിയുടെ പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ രാഹുല്‍ ഗാന്ധിയുടെ പിതൃസഹോദര പുത്രൻ വരുണ്‍ ഗാന്ധിക്ക് സീറ്റില്ല.
നിലവില്‍ വരുണ്‍ ഗാന്ധി യു.പിയിലെ പിലിഭിത്തിൽ നിന്നുള്ള എം.പിയാണ്. ഇക്കുറി ബി.ജെ.പി വരുണ്‍ ഗാന്ധിക്ക് അവിടെ സീറ്റ് നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍ വരുണിൻ്റെ മാതാവ് മനേക ഗാന്ധിയ്ക്ക് സുല്‍ത്താൻ പൂരില്‍ സീറ്റ് നല്‍കിയിട്ടുമുണ്ട്. ഇനി വരുണിൻ്റെ നീക്കം എന്താണെന്ന് ഉറ്റുനോക്കുകയാണ് ദേശീയ രാഷ്ട്രീയം. അദ്ദേഹം മാതൃസംഘടനയായ കോണ്‍ഗ്രസിലെത്തി രാഹുല്‍ ഒഴിച്ചിട്ടിരിക്കുന്ന അമേഠി മണ്ഡലത്തില്‍ ഇൻഡ്യ മുന്നണിയുടെ സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്നവരുമുണ്ട്.
എല്‍.കെ അദ്വാനിയുടെ കാലത്താണ് വരുണ്‍ ഗാന്ധി ബി.ജെ.പിയില്‍ എത്തുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്ന് ബി ജെ പി യിൽ എത്തിയ വരുണിനും അമ്മ മനേക ഗാന്ധിയ്ക്കും വലിയ സ്വീകാര്യതയാണ് അന്ന് ബി.ജെ.പി യില്‍ ലഭിച്ചത്. ഭാവിയില്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ ഉയർത്തിക്കൊണ്ടുവരാൻ പറ്റുന്ന ഒരാളായിട്ടാണ് ബി.ജെ.പി നേതൃത്വം അന്ന് വരുണ്‍ ഗാന്ധിയെ കണ്ടത്. പിലിഭിത്തില്‍ നിന്ന് മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വരുണ്‍ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പി നേതൃത്വത്തില്‍ നരേന്ദ്ര മോദിയുടെ വരവോടെ വരുണിനെ പലപ്പോഴും തഴയുന്ന നിലപാട് ആണ് ബി.ജെ.പി കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. കഴിഞ്ഞ തവണ വരുണ്‍ കേന്ദ്ര ഗവണ്‍മെൻ്റില്‍ മന്ത്രിയാകുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ അതുണ്ടായില്ല.
പല കാരണങ്ങളുടെയും പേരില്‍ ഇക്കഴിഞ്ഞ കുറെ കാലമായി ബി.ജെ.പി കേന്ദ്രനേതൃത്വവുമായി അകന്നുകഴിയുകയാണ് വരുണ്‍ ഗാന്ധി എന്നാണ് പുറത്തുവരുന്ന വാർത്തകള്‍. അതിൻ്റെയൊരു പ്രതിഫലനം കൂടിയാകാം വരുണിന് ബി.ജെ.പി യില്‍ സീറ്റ് നിഷേധിച്ചതെന്ന് വിശ്വസിക്കുന്നവരും ഉണ്ട് . വരുണ്‍ ഗാന്ധിയുടെ അമ്മ മനേക ഗാന്ധിയ്ക്ക് സോണിയോടും രാഹുലിനോടും ഒക്കെ എതിർപ്പ് കുടുംബപരമായി ഉണ്ടെങ്കിലും വരുണ്‍ ഗാന്ധിയ്ക്ക് രാഹുലും പ്രിയങ്കയുമൊക്കെ സ്വന്തം സഹോദരങ്ങളെപ്പോലെയാണ്. ഇവരുമായി നല്ലൊരു ബന്ധം തന്നെ വരുണ്‍ ഗാന്ധി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ താൻ ഒരിക്കലും മത്സരിക്കില്ലെന്നും ഇരുവർക്കുമെതിരെ താൻ ഒരു വാക്ക് പോലും എതിർത്ത് പറയില്ലെന്നും വരുണ്‍ ഗാന്ധി പലവട്ടം പറഞ്ഞിട്ടുമുണ്ട്.
വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലെത്തിക്കാൻ പ്രിയങ്കാ ഗാന്ധി ശ്രമിക്കുന്നതായും വാർത്തകളുണ്ട്. തങ്ങളുടെ പിതാവ് രാജീവ് ഗാന്ധിയുടെ സഹോദരൻ സഞ്ജയ് ഗാന്ധിയുടെ പുത്രൻ കോണ്‍ഗ്രസിലെത്തുന്നതില്‍ പരം എന്ത് സന്തോഷമാണ് രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കുമുള്ളത്. മാത്രമല്ല വരുണിൻ്റെ പിതാവ് സഞ്ജയ് ഗാന്ധി രാജീവ് ഗാന്ധി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുൻപ് തന്നെ കോണ്‍ഗ്രസിൻ്റെ ദേശീയ ജനറല്‍ സെക്രട്ടറി ആയിരുന്ന ആളാണ്. വിമാനാപകടത്തില്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ അദ്ദേഹമായിരുന്നു ഇന്ദിരാഗാന്ധിയ്ക്ക് ശേഷം രാജീവിന്റെ സ്ഥാനത്ത് പ്രധാനമന്ത്രി ആകേണ്ടിയിരുന്നത്. ഒപ്പം കോണ്‍ഗ്രസിൻ്റെ അമരത്തും അദ്ദേഹം തന്നെ വരുമായിരുന്നു.
അങ്ങനെ ഒരാളുടെ മകൻ കോണ്‍ഗ്രസില്‍ എത്തിയാല്‍ അത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു മുതല്‍കൂട്ട് തന്നെയായിരിക്കും. വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലെത്തിയാല്‍ പാർട്ടിയുടെ പരമ്പരാഗത സീറ്റായ അമേഠി അദേഹത്തിന് വിട്ടുനല്‍കുമെന്നും വാർത്തകളുണ്ട്. അമേഠി ലോക്സഭ മണ്ഡലം എന്നും കോണ്‍ഗ്രസിനെ തുണച്ചിട്ടുള്ള മണ്ഡലമാണ്. രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമെല്ലാം ഇവിടെ നിന്ന് പാർലമെൻ്റിലേയ്ക്ക് ജയിച്ചിട്ടുള്ളതാണ്. കഴിഞ്ഞ തവണയാണ് ഇവിടെ കോണ്‍ഗ്രസിന് കാലിടറിയത്. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി ബി.ജെ.പി യുടെ സ്മൃതി ഇറാനി ഇവിടെ നിന്ന് വിജയിച്ചു.
ഇക്കുറി രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുന്നില്ല. അദേഹം വയനാട്ടില്‍ തന്നെ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അമേഠിയില്‍ ശക്തനായ ഒരു കോണ്‍ഗ്രസ് സ്ഥാനാർത്ഥി വന്നാല്‍ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇപ്പോള്‍ പ്രിയങ്ക ഗാന്ധി അവിടെ മത്സരിക്കുമെന്ന പ്രചാരണമാണ് കേള്‍ക്കുന്നത്. മറിച്ച്, വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലെത്തിയാല്‍ അദ്ദേ ഹത്തിന് ഈ സീറ്റ് വിട്ടുകൊടുക്കുമെന്ന് ചിന്തിക്കുന്നവരും ഉണ്ട്. വരുണിൻ്റെ പിതാവ് സഞ്ജയ് ഗാന്ധിയ്ക്ക് നല്ല ബന്ധമുള്ള മണ്ഡലം തന്നെയാണ് അമേഠി. അത് വരുണിന് തുണയാകുമെന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും വിശ്വസിക്കുന്നു. വരുണ്‍ ഗാന്ധി ഭാവിയില്‍ കോണ്‍ഗ്രസിൻ്റെ വാഗ്ദാനമാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകേണ്ടത് കാലമാണ്. എന്തായാലും ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർ ശുഭപ്രതീക്ഷയിലാണ്.