നയാഗ്ര∙നയാഗ്ര മലയാളി സമാജത്തിനു പുതിയ കമ്മിറ്റി. 2024 – 2025 ലേക്കുള്ള കമ്മിറ്റിയെയും ബോർഡ് ഓഫ് ഡയറക്ടേഴ്സിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നയാഗ്ര ഫാൾസിലെ ഓർച്ചാർഡ് പാർക്ക് പബ്ലിക് സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണു പുതിയ കമ്മിറ്റിയെ തീരുമാനിച്ചത്. റോബിൻ ചിറയത്ത് പ്രസിഡന്റായും കേലബ് വർഗീസ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. മുൻ വർഷത്തെ ട്രഷറർ പിന്റോ ജോസഫ് തുടരും.
ശില്പാ ജോഗ്ഗിയെ വൈസ് പ്രസിഡന്റായും, രാമഭദ്രൻ സജികുമാറിനെ ജോയിന്റ് സെക്രട്ടറിയായും, രാജീവ് വാര്യരെ ജോയിന്റ് ട്രഷറായും യോഗം തിരഞ്ഞെടുത്തു. എക്സ് ഓഫീസിയോ ബൈജു പകലോമറ്റം; എന്റർടൈൻമെന്റ് കോ ഓർഡിനേറ്റർ ക്രിസ്റ്റി ജോസ്. അനീഷ് പോൾ, ജിയോ ബാബു, കാവ്യാ രാജൻ, മോൾസി ജോസഫ്, റിജിൽ റോക്കി, സിൽജി തോമസ്, സുജാമോൾ സുഗതൻ, സുജിത് പി എസ്, ടിജോ ജോസ്, വസന്ത് ജോൺ എന്നിവരാണ് തികച്ചും പുതിയ കമ്മിറ്റി മെമ്പേഴ്സ്.
ബോർഡ് ഓഫ് ഡയറക്ടേഴ്സായി ജെയ്മോൻ മാപ്പിളശ്ശേരിൽ, ജോർജ് കാപ്പുകാട്ട് എന്നിവർക്ക് പുറമെ മുൻ കമ്മിറ്റി മെമ്പർ ആയിരുന്ന മധു സിറിയക്കിനെയും, മുൻവർഷം ഉപദേശക സമിതി അംഗമായിരുന്ന വിൻസെന്റ് തെക്കേത്തലയെയും പുതുതായി പ്രിൻസൺ പെരേപ്പാടനെയും കൂടെ ഉൾപ്പെടുത്തി. യൂത്ത് കമ്മിറ്റി അംഗങ്ങളായി അലൻ ജയ്മോൻ, ബെഞ്ചമിൻ തെക്കേത്തല, ജനീസ് ബൈജു, ജോസ് ജയിംസ്, റിച്ചാ സുനിൽ മറ്റം എന്നിവരെ തിരഞ്ഞെടുത്തു. ഉപദേശക സമിതിയിലെ സുജിത് ശിവാനന്ദ് തുടരും. പുതുതായി ലിജോ തോമസ് തിരഞ്ഞെടുക്കപ്പെട്ടു.
പൊതുയോഗത്തിനു ശേഷം പുതിയ കമ്മിറ്റിയുടെ ആദ്യ യോഗവും നടന്നു. കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുന്ന കാര്യങ്ങൾ കമ്മിറ്റി ചർച്ച ചെയ്തു. സമ്മർ ഫെസ്റ്റ്, പിക്നിക്, ഓണം, ക്രിസ്മസ് എന്നീ പരിപാടികൾക്കു പുറമേ സമാജത്തിന്റെ സാമൂഹിക സേവന പദ്ധതിയായ തണൽ മരം പദ്ധതിക്ക് കീഴിൽ വിവിധ സേവന പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സമാജത്തിന്റെ പുതിയ പ്രസിഡന്റ് റോബിൻ ചിറയത്ത് പറഞ്ഞു.
പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനു മുൻപു നടന്ന വാർഷിക പൊതുയോഗത്തിൽ നയാഗ്ര മലയാളി സമാജത്തിന്റെ 2023ലെ പ്രവർത്തന റിപ്പോർട്ട് ആക്ടിങ് സെക്രട്ടറി മധു സിറിയക്കും വരവ് ചെലവ് കണക്കുകൾ ട്രഷറർ പിന്റോ ജോസഫും അവതരിപ്പിച്ചു. ഇരു റിപ്പോർട്ടുകളും പൊതുയോഗം പാസാക്കി. ശില്പാ ജോഗ്ഗിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങുകൾ റോബിൻ ചിറയത്തിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.