Breaking News

അടവുമാറ്റം, 999 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ തിരികെ കൊണ്ടുവന്ന് ജിയോ; ഇത്തവണ ഗുണങ്ങളേറെ

Spread the love

മുംബൈ: സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും അടുത്തിടെ താരിഫ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ജിയോ 10-27 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് നിരക്കുകളില്‍ വരുത്തിയത്. റീച്ചാര്‍ജ് നിരക്കുകളിലെ വര്‍ധന വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെ 999 രൂപയുടെ പഴയ ഡാറ്റ പാക്കേജ് വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. ഇത്തവണ ഇതിന് ഗുണവും ദോഷവുമുണ്ട്.
ജൂലൈ 3ന് താരിഫ് നിരക്കുകള്‍ ഉയര്‍ന്നതോടെ 1,199 രൂപയിലെത്തിയിരുന്നു ജിയോയുടെ 84 ദിവസത്തെ ഡാറ്റ പാക്കേജിനുള്ള വില. ഇപ്പോള്‍ പുനരവതരിപ്പിച്ചിരിക്കുന്ന 999 രൂപയുടെ പ്ലാനില്‍ 14 ദിവസത്തെ അധിക വാലിഡിറ്റി റിലയന്‍സ് നല്‍കുന്നതാണ് പ്രധാന സവിശേഷത. ഇതോടെ 999 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ 98 ദിവസം ഡാറ്റ ഉപയോഗിക്കാം. അതേസമയം ദിവസേനയുള്ള ഡാറ്റ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി എന്നതാണ് പുതിയ 999 രൂപ പാക്കേജിന്‍റെ ന്യൂനത. മുമ്പ് ദിവസവും 3 ജിബി (ആകെ 252 ജിബി) ഡാറ്റയാണ് ജിയോ നല്‍കിയിരുന്നത് എങ്കില്‍ ഇപ്പോഴത് 2 ജിബിയായി (ആകെ 196 ജിബി) കുറച്ചു. എന്നാല്‍ പുതിയ 999 രൂപ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് 5ജി ആസ്വദിക്കാന്‍ കഴിയും. ഇതിനെല്ലാം പുറമെ ദിവസവും 100 എസ്എംഎസുകളും പരിധികളില്ലാത്ത വോയ്‌സ് കോളും 999 രൂപ റീച്ചാര്‍ജില്‍ ജിയോ നല്‍കുന്നുണ്ട്.

ഇതേസമയം എയര്‍ടെല്ലിന് 979 രൂപയുടെ റീച്ചാര്‍ജ് പ്ലാനുണ്ട്. ദിവസവും രണ്ട് ജിബി ഡാറ്റയും, 100 സൗജന്യ എസ്എംഎസ് വീതവും, പരിധിയില്ലാത്ത കോളും നല്‍കുന്ന റീച്ചാര്‍ജിന്‍റെ വാലിഡിറ്റി എന്നാല്‍ 84 ദിവസമാണ്. അണ്‍ലിമിറ്റഡ് 5ജി സര്‍വീസ് ഈ റീച്ചാര്‍ജില്‍ എയര്‍ടെല്ലും നല്‍കുന്നു. 56 ദിവസത്തേക്ക് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ലഭിക്കുമെന്നതാണ് എയര്‍ടെല്‍ പാക്കേജിന്‍റെ മറ്റൊരു പ്രത്യേകത.

You cannot copy content of this page