Breaking News

ക്രൗഡ്സ്ട്രൈക്ക് സാങ്കേതിക തകരാര്‍; ലോകമെമ്പാടും വിവിധ സേവനങ്ങൾ നിശ്ചലം, സുപ്രധാന മുന്നറിയിപ്പ് നല്‍കി യുഎഇ

Spread the love

അബുദാബി: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ലോക വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി യുഎഇയും. സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളില്‍ ജാഗ്രത പാലിക്കാൻ ക്രൗഡ്‌സ്ട്രൈക്ക് സോഫ്‌റ്റ്‌വെയറിൻറെ ഉപയോക്താക്കളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുണ്ടായ പ്രശ്‌നം ലോക വ്യാപകമായി വിമാനത്താവളങ്ങള്‍, ട്രെയിന്‍ സര്‍വീസുകള്‍, ഐടി കമ്പനികള്‍, ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
വിൻഡോസ് സിസ്റ്റം പെട്ടെന്ന് ഷട്​ഡൗണാകുകയും പുനരാരംഭിക്കുകും ചെയ്യുന്ന പ്രശ്നം യുഎസിലെ സൈബർ സുരക്ഷാ കമ്പനിയായ ക്രൗഡ്‌സ്ട്രൈക്ക് നൽകിയ അപ്‌ഡേറ്റാണ് കാരണമെന്നാണ് പ്രാഥമികമായുള്ള വിവരം. ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്നമാണ് വ്യാപക പ്രതിസന്ധിക്ക് കാരണം. ആഗോളമായി ബാധിക്കുന്ന പ്രശ്നം പരിഹരിക്കാൻ പരിശ്രമം തുടരുകയാണെന്നാണ് ക്രൗഡ്സ്ട്രൈക്ക് നല്‍കുന്ന വിശദീകരണം. ഇതിന് പിന്നാലെയാണ് സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളില്‍ ജാഗ്രത പാലിക്കണമെന്ന് ക്രൗഡ്‌സ്ട്രൈക്ക് സോഫ്‌റ്റ്‌വെയറിൻറെ ഉപയോക്താക്കളോട് യുഎഇ അധികൃതർ അഭ്യര്‍ത്ഥിച്ചത്.

ക്രൗഡ്‌സ്ട്രൈക്ക് സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് അറിയിക്കുന്നതായും അത് ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ ഇലക്‌ട്രോണിക് സംവിധാനങ്ങളെ ബാധിച്ചേക്കാമെന്നും യുഎഇയുടെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻറ് റെഗുലേറ്ററി അതോറിറ്റി ഒരു പോസ്റ്റിൽ അറിയിച്ചു. പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ അപ്ഡേറ്റുകളോ ഡൗൺലോഡുകളോ നടത്തരുതെന്നും ഉപയോക്താക്കൾക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൈബർ ആക്രമണങ്ങളിൽ നിന്ന് ബിസിനസുകളെ സംരക്ഷിക്കുന്നതിന് വൈവിധ്യമാർന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന യുഎസ് ആസ്ഥാനമാക്കിയുള്ള ഒരു സൈബർ സുരക്ഷാ കമ്പനിയാണ് ക്രൗഡ്‌സ്ട്രൈക്ക്.

You cannot copy content of this page