കോട്ടയം: സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിച്ചതോടെ വരിക്കാർ കൂട്ടത്തോടെ കൂടുമാറുന്നു. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ (വി) എന്നീ കമ്പനികളുടെ വരിക്കാരാണ് ബി.എസ്.എന്‍.എലിലേക്ക് ചേക്കേറുന്നത്. സ്വകാര്യ കമ്പനികൾ റീച്ചാർജ്ജ് പ്ലാനുകളുടെ തുക വർധിപ്പിച്ചപ്പോൾ ബിഎസ്എൻഎൽ നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇതോടെയാണ് മറ്റ് കമ്പനികളെ ഉപേക്ഷിച്ച് ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തുന്നത്.
രാജ്യത്താകമാനും ബിഎസ്എൻഎല്ലിന് അനുകൂലമായ ട്രെൻഡുണ്ടെങ്കിലും കേരളത്തിലാണ് സ്വാകാര്യ കമ്പനികളെ ഉപേക്ഷിച്ച് ബിഎസ്എൻഎൽ വരിക്കാരാകുന്ന ആളുകൾ കൂടുതലുള്ളത് എന്നാണ് റിപ്പോർട്ട്. മറ്റു കമ്പനികളുടെ ഉയര്‍ന്ന താരിഫ് നിലവില്‍വന്നശേഷമുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് ബി.എസ്.എന്‍.എലിലേക്ക് വരുന്ന വരിക്കാരുടെ എണ്ണം, വിട്ടുപോകുന്നവരെക്കാള്‍ കൂടുതലായി മാറിയിട്ടുണ്ട്. ഇത്തരത്തിലൊരു മാറ്റമുണ്ടായതിനെ അനുകൂലമാക്കാനുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ ബി.എസ്.എന്‍.എല്‍. തുടങ്ങിയിട്ടുമുണ്ട്.
ജൂലായ് ഒന്നുമുതലാണ് സ്വകാര്യകമ്പനികള്‍ താരിഫ് കൂട്ടിയത്. ജൂലായ് 10 മുതല്‍ 17 വരെയുള്ള കണക്കുപ്രകാരം ബി.എസ്.എന്‍.എലില്‍നിന്ന് 5,831 വരിക്കാരാണ് വിട്ടുപോയത്. എന്നാല്‍, ഈ കാലയളവില്‍ ബി.എസ്.എന്‍.എലിലേക്ക് മറ്റുകമ്പനികളില്‍നിന്ന് വന്നത് 5,921 പേരാണ്. വരിക്കാര്‍ മൊബൈല്‍ സേവനകമ്പനികള്‍ മാറുന്നതിനെ സിം പോര്‍ട്ടിങ് എന്നാണ് പറയുന്നത്. പോര്‍ട്ടിങ് നിലവില്‍ വന്നശേഷം ചുരുക്കമായാണ്, വിട്ടുപോയവരെക്കാള്‍ വന്നുചേര്‍ന്നവരുടെ എണ്ണം ഉണ്ടായ സംഭവം ബി.എസ്.എന്‍.എലിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞമാസം ഇതേകാലയളവില്‍ കേരളത്തില്‍ (ജൂണ്‍ 10-17) ബി.എസ്.എന്‍.എലില്‍നിന്ന് വിട്ടുപോയത് 8,444 വരിക്കാരായിരുന്നു. ഈസമയത്ത് മറ്റു കമ്പനികളില്‍നിന്ന് ബി.എസ്.എന്‍.എലിലേക്ക് വന്നത് 1,730 പേര്‍മാത്രമായിരുന്നു.
ജൂലായ് 10-17 കാലയളവില്‍ സംസ്ഥാനത്ത് ബിഎസ്എന്‍എലിലേക്ക് കൂടുതല്‍ വരിക്കാരെത്തിയത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 1,107 പേര്‍ വന്നു. അതേസമയം, മലപ്പുറത്ത് ബിഎസ്എന്‍എല്‍ വിട്ട് മറ്റു കമ്പനികളിലേക്ക് ചേക്കേറിയവര്‍ 49 മാത്രമാണ്. ഏറ്റവും കുറവ് പേര്‍ ബിഎസ്എന്‍എലിലേക്ക് വന്നത് പത്തനംതിട്ട ജില്ലയിലാണ്-167 പേര്‍.