Breaking News

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു

Spread the love

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശത്തിൽ തൃശൂരിലെ അധ്യാപികയെ സസ്പെൻഡ് ചെയ്തു. മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് സ്കൂൾ മാനേജ്മെൻറിന്റെ നടപടി. പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയാണ് വർഗീയ പരാമർശം നടത്തിയത്.

സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവ് നൽകിയ പരാതിയിലാണ് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഡിവൈഎഫ്‌ഐ അടക്കം സ്‌കൂളിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം എത്തിയതിന് പിന്നാലെ സ്‌കൂളിനെതിരെയും അധ്യാപികക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. ശബ്ദ സന്ദേശം അധ്യാപികയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും സ്‌കൂളിന്റെ നിലപാടല്ലെന്നുമാണ് സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വിശദീകരണം.

ഓണാഘോഷത്തിൽ മുസ്ലീം വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ പങ്കെടുക്കരുതെന്നാണ് അധ്യാപിക രക്ഷിതാക്കളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചത്. തൃശ്ശൂർ പെരുമ്പിലാവ് സിറാജുൾ ഉലൂം ഇംഗ്ലീഷ് ഹൈസ്‌കൂളിൽ ആണ് സംഭവം. ഓണം ഹിന്ദുക്കളുടെ ഉത്സവമാണെന്ന് പറഞ്ഞാണ് അധ്യാപിക വിദ്വേഷ സന്ദേശമയച്ചത്. ഓണവും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ഹിന്ദുക്കളുടേതായതിനാൽ അതിനെ മുസ്ലീം വിഭാഗത്തിലുള്ളവർ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് വിദ്വേഷ സന്ദേശത്തിൽ അധ്യാപിക പറയുന്നത്. സ്‌കൂളിൽ ഇന്ന് ഓണാഘോഷ പരിപാടികൾ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അധ്യാപികയുടെ ഉപദേശം.

You cannot copy content of this page