സമൂഹ മാധ്യമങ്ങളുടെയും സ്മാർട്ട്‌ഫോണുകളുടെയും ഈ കാലഘട്ടത്തിൽ, ക്യാമറയുള്ള ഫോണുകൾ എല്ലാവരുടെയും പോക്കറ്റിലുണ്ടായതോടെ സെക്‌സ്റ്റിങ് പലപ്പോഴും കേസുകള്‍ക്കും പരാതികൾക്കും കാരണമാകാറുണ്ട്. രണ്ട് വ്യക്തികൾക്കിടയിലുള്ള സെക്സ്റ്റിങ് ഒരു സാധാരണ കാര്യമെന്ന് തോന്നാമെങ്കിലും, സാഹചര്യം പെട്ടെന്ന് മാറാനും അത് ഗുരുതര പ്രശ്നമായി മാറാനും സാധ്യതയുണ്ട്. ഒപ്പം സമ്മതമുണ്ടെങ്കിലും ഇല്ലെങ്കിലും നിയമം ഇത് അനുവദിക്കുന്നില്ലെന്നും അറിയുക
ചെറിയ കുട്ടികളാണ് ഇതിൽ ഉൾപ്പെടുന്നതെങ്കിൽ സെക്‌സ്റ്റിങ് ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവാം. കൂടാതെ, ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. ഈ അപകടസാധ്യതകൾ പരിഗണിച്ച്, കുട്ടികളെ സെക്‌സ്റ്റിങിന്റെ ഇരകളാകുന്നതിൽ നിന്ന് സംരക്ഷിക്കാൻ ഇന്ത്യയിൽ ശക്തമായ നിയമങ്ങളുണ്ട്.
എന്താണ് സെക്‌സ്റ്റിങ്?
‘സെക്‌സ്’ (Sex) എന്ന വാക്കും ‘ടെക്‌സ്റ്റിങ്’ (Texting) എന്ന വാക്കും ചേർന്നാണ് സെക്‌സ്റ്റിങ് എന്ന വാക്കുണ്ടായത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ മറ്റുള്ളവർക്ക് അയയ്ക്കുന്നതിനെയാണ് ഇത് വിവരിക്കുന്നത്. ഇതിൽ ചിത്രങ്ങളോ വിഡിയോകളോ ഉണ്ടാകാം. ഇത് സ്വയം ചിത്രീകരിച്ചതോ മറ്റൊരാളുടെയോ ആകാം. ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ മാത്രമുള്ള എഴുത്തുകളും ഇതിൽ ഉൾപ്പെടാം.’പിക് ഫോർ പിക്’, ‘സെൻഡിങ് ന്യൂഡ്സ്’ തുടങ്ങിയ പദങ്ങളും സെക്‌സ്റ്റിങിനെ സൂചിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ പല ഉപകരണങ്ങളിലൂടെയും ലൈംഗിക ചുവയുള്ള ചിത്രങ്ങൾ എടുക്കാനും പങ്കുവെക്കാനും എളുപ്പമാണ്. എന്നാൽ, ഈ സ്വകാര്യ ഉള്ളടക്കം അയച്ചു കഴിഞ്ഞാൽ, അയച്ചയാൾക്ക് അത് തിരിച്ചെടുക്കാൻ കഴിയില്ല.
ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കാനുള്ള സാധ്യതയും ഉണ്ട്. ചില ആളുകൾക്ക് അവരുടെ പങ്കാളിയിൽ നിന്നോ അല്ലെങ്കിൽ പരിചയമുള്ള മറ്റുള്ളവരിൽ നിന്നോ സെക്‌സ്റ്റിങിൽ ഏർപ്പെടാൻ സമ്മർദ്ദം നേരിടേണ്ടി വരാം. ഈ സമ്മർദ്ദം കാരണം സ്വന്തം ലൈംഗിക ചിത്രങ്ങളോ വിഡിയോകളോ അയയ്ക്കാൻ നിർബന്ധിതരാകുകയും, പിന്നീട് അത് അവരെ ദോഷകരമായി ബാധിക്കുകയോ മറ്റ് കാര്യങ്ങൾക്ക് പ്രേരിപ്പിക്കാൻ ഉപയോഗിക്കുകയോ ചെയ്യാം.സെക്‌സ്റ്റിങിന്റെ അപകടസാധ്യതകൾ
സമ്മതത്തോടെയുള്ള മുതിർന്നവർക്കിടയിൽ പോലും സെക്‌സ്റ്റിങിന് നിരവധി അപകടസാധ്യതകളുണ്ട്. സമ്മർദ്ദം കാരണം ആരും സ്വന്തം ലൈംഗിക ഉള്ളടക്കം പങ്കുവെയ്ക്കരുത്. അത്തരം ചിത്രങ്ങളോ വിഡിയോകളോ അയയ്ക്കുന്നതിന് മുൻപ് അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. അത്തരം ചിത്രങ്ങൾ എടുക്കുകയും പങ്കുവെക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ സ്വകാര്യ ഉള്ളടക്കം മറ്റൊരാൾ ദുരുപയോഗം ചെയ്യപ്പെടുകയോ വ്യാപകമായി പ്രചരിക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്.
നിയമപരമായ അപകടസാധ്യതകളും ഇതിനുണ്ട്. ഉദാഹരണത്തിന്, ഒരാളുടെ ലൈംഗിക ചുവയുള്ള ചിത്രങ്ങളോ വീഡിയോകളോ അവരുടെ സമ്മതമില്ലാതെ പങ്കുവയ്ക്കുന്ന ‘റിവഞ്ച് പോൺ’ എന്നത് ഗുരുതരമായ കുറ്റമാണ്.18 വയസ്സിൽ താഴെയുള്ളവർ ഉൾപ്പെട്ടാൽ സെക്‌സ്റ്റിങിന്റെ അപകടസാധ്യതകൾ വളരെ വലുതാണ്. ഈ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് കൗമാരക്കാർക്ക് കൂടുതൽ മാനസിക ആഘാതമുണ്ടാക്കാം. ഇതിന് പുറമെ, ഒരു കുട്ടിയുടെ ലൈംഗിക ചുവയുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നതും പങ്കുവയ്ക്കുന്നതും നിയമവിരുദ്ധമാണ്. ചിത്രം എടുക്കുന്ന ആളോ അയക്കുന്ന ആളോ കുട്ടിയാണെങ്കിൽ പോലും ഇത് നിയമലംഘനമാണ്. 18 വയസ്സിൽ താഴെയുള്ള ഒരാളുമായി സെക്‌സ്റ്റിങിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണ്.
ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 (IT Act, 2000):
വകുപ്പ് 67 (Section 67): ഇലക്ട്രോണിക് രൂപത്തിൽ ലൈംഗികച്ചുവയുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് ഈ വകുപ്പ് പ്രകാരം കുറ്റകരമാണ്. കുട്ടികളുടെ ചിത്രങ്ങളോ വിഡിയോകളോ ആണെങ്കിൽ ശിക്ഷ കൂടുതൽ കഠിനമായിരിക്കും. ആദ്യ തവണ കുറ്റം ചെയ്താൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
വകുപ്പ് 67A (Section 67A): ലൈംഗികച്ചുവയുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നതിന് ഈ വകുപ്പ് പ്രകാരം 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
വകുപ്പ് 67B (Section 67B): കുട്ടികളുടെ ലൈംഗികച്ചുവയുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് ഈ വകുപ്പ് പ്രകാരം ശിക്ഷാർഹമാണ്. ഇത് ഗുരുതരമായ കുറ്റമായി കണക്കാക്കുന്നു. ആദ്യ കുറ്റത്തിന് 5 വർഷം വരെ തടവും പിഴയും, രണ്ടാമതും കുറ്റം ചെയ്താൽ 7 വർഷം വരെ തടവും പിഴയും ലഭിക്കാം.
പോക്സോ നിയമം, 2012 (POCSO Act, 2012):
പോക്സോ (Protection of Children from Sexual Offences) നിയമം കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.
വകുപ്പ് 13 (Section 13): കുട്ടികളെ ലൈംഗിക ലക്ഷ്യങ്ങളോടെ ചിത്രീകരിക്കുന്നതോ വിഡിയോ എടുക്കുന്നതോ ഈ വകുപ്പ് പ്രകാരം ശിക്ഷാർഹമാണ്.
വകുപ്പ് 14 (Section 14): കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ കൈവശം വയ്ക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്. ഇത് കുട്ടികളുമായുള്ള സെക്‌സ്റ്റിംഗിന്റെ പ്രധാന നിയമപ്രശ്നമാണ്.
വകുപ്പ് 15 (Section 15): ലൈംഗികാതിക്രമം നടത്താൻ കുട്ടിയെ പ്രേരിപ്പിക്കുന്ന ആശയവിനിമയങ്ങളും ശിക്ഷാർഹമാണ്.
ബിഎൻഎസ് സെക്ഷൻ 75: ലൈംഗിക പീഡനം (Sexual Harassment)
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 75. ഒരു സ്ത്രീയുടെ താൽപര്യമില്ലാതെ, ലൈംഗിക ലക്ഷ്യങ്ങളോടെ ശാരീരികമായി സ്പർശിക്കുകയോ അടുപ്പം കാണിക്കുകയോ ചെയ്യുന്നത്, ലൈംഗികപരമായ കാര്യങ്ങൾ ആവശ്യപ്പെടുകയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സഹായം ചെയ്യുന്നതിന് പകരമായി ലൈംഗികമായി സഹകരിക്കാൻ ആവശ്യപ്പെടുകയോ ചെയ്യുന്നത്.ഒരു സ്ത്രീക്ക് താൽപര്യമില്ലാതിരിക്കുമ്പോൾ പോലും നിർബന്ധിച്ച് അശ്ലീല ചിത്രങ്ങളോ വിഡിയോകളോ കാണിക്കുന്നത്. ലൈംഗിക ചുവയുള്ള വാക്കുകൾ ഉപയോഗിച്ച് ഒരു സ്ത്രീയെ അപമാനിക്കുകയോ ശല്യം ചെയ്യുകയോ ചെയ്യുന്നതൊക്കെ കുറ്റകൃത്യമായി കണക്കാക്കുന്നു. ഇത്തരത്തിലുള്ള നിരവധി നിയമങ്ങൾ സൈബർ ലോകത്തെ ചൂഷണം തടയാൻ നിലവിലുണ്ട്.
മുതിർന്നവർ തമ്മിലുള്ള സെക്‌സ്റ്റിങ്:
രണ്ട് മുതിർന്ന വ്യക്തികൾ തമ്മിൽ പരസ്പര സമ്മതത്തോടെ ലൈംഗിക ചുവയുള്ള ചിത്രങ്ങൾ അയയ്ക്കുന്നതും നിയമത്തിൽ അനുവദനീയമല്ലെങ്കിലും ഇത്തരം കാര്യങ്ങൾ പലപ്പോഴും നടക്കാറുണ്ട്. എന്നിരുന്നാലും, സ്വീകർത്താവിന് അത് ഇഷ്ടമില്ലെങ്കിൽ, ‘പീഡനം’ അല്ലെങ്കിൽ ‘ശല്യപ്പെടുത്തൽ’ പോലുള്ള മറ്റ് നിയമങ്ങൾ അനുസരിച്ച് അവർക്ക് പ്രശ്‌നങ്ങളിൽ അകപ്പെടാം.
ഇതിനേക്കാൾ പ്രധാനപ്പെട്ടത്, ഒരാളുടെ ലൈംഗിക ചിത്രം അവരുടെ സമ്മതമില്ലാതെ പങ്കുവെക്കുന്നത് നിയമവിരുദ്ധമാണ്. ഇത് ‘റിവഞ്ച് പോൺ’ നിയമങ്ങളുടെ പരിധിയിൽ വരും. പരസ്പര സമ്മതത്തോടെ സെക്‌സ്റ്റിങ് അനുമതിയില്ലാതെ പങ്കുവെച്ചാൽ അത് നിയമവിരുദ്ധമാണ്.
2021-ൽ ഡൽഹി ഹൈക്കോടതി ഒരു കേസിൽ വ്യക്തമാക്കിയത്, ലൈംഗികച്ചുവയുള്ള ചിത്രങ്ങൾ ഒരാൾ സ്വന്തം സമ്മതത്തോടെ മറ്റൊരാൾക്ക് അയച്ചാലും അത് രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശം അയാൾക്കുണ്ടെന്നാണ്. അയച്ച ആളുടെ അനുമതിയില്ലാതെ ആ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത് ഒരുതരം ‘ലൈംഗിക ബ്ലാക്ക്‌മെയിലിങ്’ (sexual blackmailing) ആണെന്ന് കോടതി നിരീക്ഷിച്ചു. ചിത്രങ്ങൾ പങ്കുവെക്കുന്നതിലൂടെ അത് ‘റിവഞ്ച് പോൺ’ എന്നതിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
