Breaking News

കമ്പനിക്കാർ പറഞ്ഞത് പെരും നുണ: ഐസ് ക്രീമിൽ കണ്ടെത്തിയ വിരൽ ആരുടേതെന്ന് തെളിഞ്ഞു; ഡിഎൻഎ ഫലം പുറത്ത്

Spread the love

മുംബൈയിൽ ഐസ് ക്രീമിൽ മനുഷ്യ വിരലിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. വിരലിൻ്റെ ഡിഎൻഎ ഫലം വന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. ഐസ് ക്രീം തയ്യാറാക്കിയ ഫാക്ടറിയിലെ ജീവനക്കാരൻ്റെ വിരലിൻ്റെ ഭാഗങ്ങളാണ് ഇതെന്ന് വ്യക്തമായി. സംസ്ഥാന ഫൊറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ഫാക്ടറി ജീവനക്കാരനായ ഓംകാർ പോട്ടെയുടെ വിരലിൻ്റെ ഭാഗങ്ങളാണ് ഇവ. ഐസ് ക്രീം തയ്യാറാക്കുന്ന യന്ത്രത്തിൽ കുടുങ്ങിയ ഐസ് ക്രീം ബോക്സിൻ്റെ മൂടി വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ വിരൽ യന്ത്രത്തിൽ കുടുങ്ങിയതായിരുന്നു. മുംബൈയിലെ മലാഡിൽ താമസിക്കുന്ന ഡോക്ടർ ബ്രണ്ടൻ ഫെറാവോ ജൂൺ 12 ന് ഓൺലൈൻ വഴി വാങ്ങിയ മൂന്ന് യുമ്മോ ഐസ്ക്രീമിൽ ഒന്നിൽ നിന്നാണ് വിരലിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഐസ്ക്രീം കമ്പനിയുടെ സോഷ്യൽ മീഡിയ പേജിൽ അറിയിച്ച പരാതിയിൽ നടപടിയാകാതെ വന്നതോടെയാണ് ഡോക്ടർ പൊലീസിനെ സമീപിച്ചത്. ജൂൺ 13 ന് പൊലീസ് കേസെടുത്തു.

ഐസ് ക്രീം കമ്പനി ജീവനക്കാരൻ ഓംകാർ പൊട്ടെയുടെ വിരലിന് പരിക്കേറ്റത് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാൽ ഐസ് ക്രീമിൽ കണ്ടെത്തിയത് ഓംകാർ പൊട്ടേയുടെ വിരലിൻ്റെ ഭാഗങ്ങളല്ലെന്ന് ഐസ് ക്രീം കമ്പനി വാദിച്ചു. ഇതോടെയാണ് പൊലീസ് വിശദമായ പരിശോധനയ്ക്ക് തയ്യാറായത്. ഡിഎൻഎ പരിശോധനാ ഫലം ഓംകാർ പൊട്ടേയുടെ രക്തപരിശോധനാ ഫലവുമായി നൂറ് ശതമാനം യോജിച്ചതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്. ഇതോടെ ഐസ് ക്രീം കമ്പനി ഉടമകൾ പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞു.

ഒരു മാസം മുൻപാണ് ഐസ്ക്രീം നിർമിച്ചത്. അതിനു ശേഷം പുണെ ഹഡപ്സറിലെ ഗോഡൗണിൽ എത്തിച്ചു. അവിടെ നിന്നാണ് മലാഡിൽ വിതരണത്തിന് എത്തിയത്. ഈ ഐസ് ക്രീമിൻ്റെ ഗുണനിലവാര പരിശോധന നടത്താൻ ചുമതലപ്പെടുത്തിയവർക്കെതിരെയും അന്വേഷണം ഉണ്ടാകും. നിലവിൽ ഐസ് ക്രീം ഫാക്ടറിയുടെ നിർമാണ ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

You cannot copy content of this page