യാതൊരു മുതല്‍ മുടക്കുമില്ലാതെ എങ്ങനെ പണക്കാരാവാം എണ്ണവും എല്ലാവരും ആലോചിക്കുന്നത്. അത്തരത്തിൽ എന്ത് ഐഡിയ കിട്ടിയാലും ആര് ചെയ്തില്ലേലും മലയാളികൾ അത് ചെയ്യും, ഉറപ്പാണ്. അത്തരത്തിൽ ഇപ്പോൾ കേരളത്തിൽ ഉൾപ്പെടെ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ് ‘ഹാംസ്റ്റർ കോംബാറ്റ്’ എന്ന ക്രിപ്റ്റോകറൻസി ഓൺലൈൻ ഗെയിം. യുവാക്കൾ മാത്രമല്ല, കുട്ടികൾ വരെ സ്ക്രീനിലെ ഈ ‘എലി’യ്ക്ക് ഒപ്പമാണ് കൂടുതൽ സമയവും ചെലവിടുന്നത്. ഒരു രൂപ പോലും നിക്ഷേപം നടത്താതെ, പണം വൻതോതിൽ വാരാമെന്ന വാഗ്ദാനമാണ് പലരെയും ഏറെ ലളിതമായ ഈ ഗെയിമിലേക്ക് ആകർഷിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ അവതരിപ്പിക്കപ്പെട്ട ഹാംസ്റ്റർ കോംബാറ്റ് ഗെയിം ഇതിനകം ലോകമെമ്പാടുമായി കളിക്കുന്നത് 200 മില്യണിലധികം പേരാണ്; അതായത് 20 കോടിയിലേറെ പേർ. അടുത്തമാസം ഹാംസ്റ്റര്‍ കോംബാറ്റ് ഓകമ്പനി ക്രിപ്‌റ്റോ വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഇതുവഴി വന്‍തുക വരുമാനമുണ്ടാക്കാമെന്നും വീഡിയോകള്‍ വാഗ്ദാനം ചെയ്യുന്നു.
എന്താണ് ഹാംസ്റ്റർ കോംബാറ്റ് ഗെയിം?
ബ്ലോക്ക്ചെയിനുകൾ ഉപയോഗിച്ച് നിർമിക്കുന്ന ഡിജിറ്റൽ നാണയങ്ങളാണല്ലോ ക്രിപ്റ്റോകറൻസികൾ. ഇത്തരമൊരു ക്രിപ്റ്റോകറൻസിയാണ് ഹാംസ്റ്റർ കോംബാറ്റ്. ടെലഗ്രാമിലും എക്സ് (ട്വിറ്റർ) അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലുമാണ് ഹാംസ്റ്റർ കോംബാറ്റ് ഗെയിം കളിക്കുന്നർ; കൂടുതൽ പ്രചാരം ടെലഗ്രാമിലാണ്. റഷ്യയിലാണ് ആരാധകർ ഏറെയുള്ളത്.
മുതൽമുടക്കൊന്നുമില്ലാതെ കളിക്കാമെന്നതാണ് മുഖ്യ ആകർഷണം. ഹാംസ്റ്റർ എന്നത് ഓമനമൃഗമായി വളർത്തുന്ന എലി വർഗത്തിൽപ്പെട്ട ഒരു ജീവിയാണ്. മൊബൈൽഫോണിലെ സ്ക്രീനിൽ ഹാംസ്റ്റർ പ്രത്യക്ഷപ്പെടുന്നതാണ് ഗെയിം. ഈ ഹാംസ്റ്ററിൽ എത്രത്തോളം ‘ക്ലിക്ക്’ ചെയ്യുന്നോ, അത്രത്തോളം ക്രിപ്റ്റോ കോയിനുകൾ ലഭിക്കും. ക്ലിക്ക് ചെയ്ത് മാത്രമല്ല, ഹാംസ്റ്റർ മുന്നോട്ടുവയ്ക്കുന്ന ദൗത്യങ്ങൾ (ടാസ്കുകൾ) പൂർത്തിയാക്കിയും കാർഡുകൾ പർച്ചേസ് ചെയ്തും ക്രിപ്റ്റോ കോയിനുകൾ വാരിക്കൂട്ടാം. കളിക്കുന്നയാളുടെ വോലറ്റിൽ അഥവാ ‘പ്രോഫിറ്റ് പെർ അവർ’ എന്ന ഡിജിറ്റൽ പേഴ്സിലാണ് കോയിനുകൾ ചേർക്കപ്പെടുക.
നേട്ടം എന്തെങ്കിലും ഉണ്ടാകുമോ ?
നിലവിൽ ഹാംസ്റ്റർ (HMSTR) എന്ന ക്രിപ്റ്റോകറൻസിക്ക് മൂല്യമൊന്നുമില്ല. എന്നാൽ, അടുത്തമാസം (ജൂലൈ) HMSTR ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് (ടോക്കൺ ജനറേഷൻ ഇവന്‍റ്/TGE) ചെയ്യുമെന്നാണ് കമ്പനിയുടെ വെബ്സൈറ്റിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്. അതിനകം ഗെയിം കളിച്ച് വോലറ്റിൽ കോയിനുകൾ വാരിക്കൂട്ടിയവർ കാത്തിരിക്കുന്നതും ആ ദിവസത്തിന് വേണ്ടിയാണ്.
കാരണം, ലിസ്റ്റ് ചെയ്യുന്നതിന് മുമ്പായി ഒരു ‘എയർഡ്രോപ്പ്’ (Airdrop) ഉണ്ടാകും. അതായത്, ക്രിപ്റ്റോകറൻസികൾ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് അല്ലെങ്കിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പ് അവയെ ഗെയിം കളിച്ചും (മൈനിംഗ്) മറ്റും പ്രചാരം നൽകിയവർക്ക് നൽകുന്ന സമ്മാനമോ ആനുകൂല്യമോ ആണ് എയർഡ്രോപ്പ്.
വോലറ്റിൽ എത്രത്തോളം കോയിനുകൾ ഗെയിം കളിച്ചും മറ്റും വാരിക്കൂട്ടിയിട്ടുണ്ടോ, അവയ്ക്ക് കോയിൻ ലിസ്റ്റ് ചെയ്യുന്ന വേളയിൽ ഒരു മൂല്യം ലഭിക്കും. അതായത്, ആ ക്രിപ്റ്റോകറൻസികൾ പിന്നീട് രൂപയിലേക്ക് ഡോളറിലേക്കോ യഥാർഥ പണമാക്കി മാറ്റാം. ഒരു ചെലവുമില്ലാതെ കൈയിൽ വൻതോതിൽ പണമെത്തുമെന്ന സ്വപ്നവുമായാണ് കേരളത്തിലെ കുട്ടികളും യുവാക്കളും ഈ ഗെയിമിന് പിന്നാലെ പായുന്നത്. ഗെയിം മറ്റുള്ളവർക്ക് അയച്ചുകൊടുത്തും (റഫർ) ചെയ്തും കോയിനുകൾ നേടാം.
പണം കിട്ടുമോ അതോ പറ്റിക്കലോ ?
20 കോടിയിലധികം പേർ ആഗോളതലത്തിൽ ഹാംസ്റ്റർ കോംബാറ്റ് ഗെയിം കളിക്കുകയും കോയിനുകൾ വാരിനിറയ്ക്കുകയും ചെയ്യുന്നുണ്ട്. ഇവർക്ക് പുറമേ കോയിൻ പുറത്തിറക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവർ (ഡെവലപ്പർമാർ), എക്സ്ചേഞ്ചുകൾ, മറ്റ് പാർട്ണർഷിപ്പ് കമ്പനികൾ തുടങ്ങിയവരുമുണ്ട്. ഇവർക്കെല്ലാം എയർഡ്രോപ്പ് ആനുകൂല്യം കൊടുക്കണമെങ്കിൽ നിലവിൽ 2,000 കോടിയോളം രൂപ വേണ്ടിവരും. അതായത് 2,000 കോടിയോളം രൂപ കമ്പനി സമ്മാനമായി മാത്രം വിതരണം ചെയ്യണം. ഇത് നടക്കാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തൽ.
അതേസമയം, ഗെയിം കളിച്ചർ വോലറ്റിൽ വാരിക്കൂട്ടിയ കോയിനുകളിൽ നിശ്ചിത ശതമാനത്തിന് മാത്രം എയർഡ്രോപ്പ് നൽകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്. അങ്ങനെയെങ്കിൽ, കിട്ടുക നാമമാത്ര നേട്ടം മാത്രമായിരിക്കും.
തട്ടിപ്പിന്റെ മറ്റൊരു വേർഷൻ ?
ഹാംസ്റ്റർ കോംബാറ്റ് തട്ടിപ്പാണെന്നും അല്ലെന്നുമുള്ള വാദങ്ങളുണ്ട്. തട്ടിപ്പാണെന്ന് വാദിക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ഈ കോയിന് പിന്നിൽ പ്രവർത്തിക്കുന്നതാര് എന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല എന്നതാണ്. നിർമാതാക്കളെ കുറിച്ച് വിവരങ്ങളില്ല.
പുതിയ ക്രിപ്റ്റോകറൻസികൾ പുറത്തിറക്കുന്നവർ അവയുടെ സ്വഭാവം, ലക്ഷ്യം, സാമ്പത്തിക പ്രവർത്തന രീതി തുടങ്ങിയവ വിശദമാക്കുന്ന രേഖ (വൈറ്റ്പേപ്പർ) അവതരിപ്പിക്കാറുണ്ട്. ഇത്തരമൊരു വൈറ്റ്പേപ്പർ ഹാംസ്റ്റർ കോംബാറ്റ് ഇനിയും പുറത്തുവിട്ടിട്ടില്ല. അതിനാൽ, തട്ടിപ്പാണെന്നും ഗെയിം കളിക്കുന്നവരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയേക്കാമെന്നും വാദങ്ങലുണ്ട്.
എന്നാൽ, ‘ദ ഓപ്പൺ നെറ്റ്‍വർക്ക്’ (TON) എന്ന പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലൊന്നുമായി സഹകരിച്ചാണ് ഹാംസ്റ്റർ കോംബാറ്റ് ജൂലൈയിൽ ലിസ്റ്റിംഗിനും എയർഡ്രോപ്പിനും ഒരുങ്ങുന്നതെന്നാണ് വിവരം. ഹാംസ്റ്റർ ഒരു തട്ടിപ്പ് കമ്പനിയാണെങ്കിൽ ടോൺ സഹകരിക്കാനുള്ള സാധ്യതയേയില്ലെന്ന് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ ക്രിപ്റ്റോകറൻസികളെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. നിരവധി രാജ്യങ്ങൾ ഇതിനകം തന്നെ ഹാംസ്റ്റർ കോംബാറ്റിനെതിരെ ജാഗ്രത വേണമെന്ന് കാട്ടി രംഗത്തെത്തിയിട്ടുമുണ്ട്. ഇന്ത്യയിൽ കേന്ദ്രസർക്കാരും റിസർവ് ബാങ്കും ക്രിപ്റ്റോകറൻസികൾ നിരോധിക്കണമെന്ന നിലപാടുള്ളവരാണ്. നേരത്തേ റിസർവ് ബാങ്ക് നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ക്രിപ്റ്റോകളിൽ നിന്നുള്ള നേട്ടത്തിന് കേന്ദ്രസർക്കാർ 30 ശതമാനം നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.