Breaking News

സുരേഷ് ഗോപി കേന്ദ്രമന്ത്രിപദത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച

Spread the love

ഡൽഹി: തൃശ്ശൂരിൽ നിന്നും വമ്പിച്ച വിജയം നേടിയ സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാവും. കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ​ഗോപിയും സത്യപ്രതിജ്ഞ ചെയ്യും. ഈ വർഷത്തെ ചടങ്ങിൽ പങ്കെടുക്കാൻ വിവിധ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കൾക്ക് ക്ഷണമുണ്ട്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗയും ക്ഷണം സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ട്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് എന്നിവർക്കും ചടങ്ങിൽ ക്ഷണമുണ്ട്.

അതേസമയം താൻ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിന്‍റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു. കേരളത്തിന് വേണ്ടിയാണ് പ്രവർത്തിക്കുക, എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ ദില്ലി വിമാനത്താവളത്തിൽ മലയാളി ബിജെപി പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2026ൽ കേരളത്തിൽ ബിജെപിയുടെ മുഖം ആകുമോ എന്ന ചോദ്യത്തിന്, അഞ്ചുവർഷത്തേക്ക് എംപി ആയിട്ടാണ് ജനങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതെന്നായിരുന്നു പുഞ്ചിരിയോടെ സുരേഷ് ഗോപിയുടെ മറുപടി. അതിലും വലിയ ഒരു ഉത്തരവാദിത്വം ജനങ്ങൾ തരണമെന്ന് തീരുമാനിച്ചാൽ, പാർട്ടി അനുവദിക്കുമെങ്കിൽ ചെയ്യും. ഇപ്പോൾ അങ്ങനെ ഒരു ഉദ്ദേശമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപിയെന്ന നിലയിൽ ദില്ലിയിലേക്ക് പോകുന്നതിൽ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ ഭാരിച്ച ചുമതലയാകുമെന്നായിരുന്നു സുരേഷ് ഗോപി തൃശ്ശൂരിൽ വെച്ച് മാധ്യമപ്രവർത്തകോട് പറഞ്ഞത്. 10 വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എംപിയാകുന്നതാണ് കൂടുതൽ താൽപര്യം. വോട്ടുകൾ കിട്ടിയത് നടൻ എന്ന രീതിയിലാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടും സുരേഷ് ​ഗോപി പ്രതികരിച്ചു. മറുപടി എന്റെ കയ്യിൽ ഉണ്ട്, പക്ഷേ പറയുന്നില്ല. മറുപടി പറഞ്ഞാൽ ഞാൻ ലീഡറിന് നൽകിയ ചെളിയേറു ആകും അത്. ലീഡറിന് തന്റെ നെഞ്ചിൽ ഇപ്പോഴും സ്ഥാനമുണ്ട്. ബിജെപി വോട്ടുകൾ മാത്രം അല്ല എല്ലാരും തനിക്കൊപ്പം നിന്നു. ബിജെപി തനിക്കായി അവിടെ മികച്ച പ്രവർത്തനം നടത്തിയെന്നും സുരേഷ് ​ഗോപി തൃശ്ശൂരിൽ പറഞ്ഞിരുന്നു.

You cannot copy content of this page