Breaking News

ഗർഭച്ഛിദ്രത്തിനായി യുവതിക്ക് കൈമാറിയത് ഗുരുതര പാർശ്വഫലങ്ങളുള്ള മരുന്ന്; അമിതരക്തസ്രാവത്തിന് വഴിയൊരുക്കി: മൊഴി

Spread the love

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പീഡന പരാതിയില്‍ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാഹുലിന്റെ ഭീഷണിയില്‍ നടത്തിയത് അശാസ്ത്രീയ ഗര്‍ഭച്ഛിദ്രമാണെന്ന് വ്യക്തമാവുന്ന മൊഴികളാണ് യുവതിയുടേത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ജോബി ജോസഫ് യുവതിക്ക് നല്‍കിയത് ഗുരുതര പാര്‍ശ്വഫലങ്ങളുള്ള മരുന്നുകളാണെന്നതിനാല്‍ അമിത രക്തസ്രാവത്തിന് വഴിയൊരുക്കിയെന്ന് യുവതി മൊഴി നല്‍കി. അടിയന്തര വൈദ്യസഹായം തേടിയത് അപകടം കുറച്ചെന്നും യുവതി മൊഴി നല്‍കി.

സാധാരണഗതിയില്‍ ഗര്‍ഭച്ഛിദ്രം നടത്തുമ്പോള്‍ യുവതിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചതിന് ശേഷം മാത്രമാണ് ഈ മരുന്നുകള്‍ നിര്‍ദേശിക്കൂവെന്നിരിക്കെയാണ് യാതൊരു നിര്‍ദേശവും ലഭിക്കാതെ യുവതിക്ക് മരുന്നെത്തിച്ചുനല്‍കിയത്. നിലവില്‍ ജോബി ജോസഫും ഒളിവിലാണ്. ജോബി ഇന്ന് മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.

അതേസമയം പരാതിക്കാരിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വൈദ്യപരിശോധന നടത്തിയത്. പരാതിക്കാരിയുടെ സുഹൃത്തുക്കളുടെയും ചികിത്സിച്ച ഡോക്ടറുടെയും മൊഴിയെടുക്കും. ഇന്ന് മുതല്‍ മൊഴിയെടുപ്പ് തുടങ്ങാനാണ് പൊലീസ് നീക്കം. യുവതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. ബിനിനസ്സുകാരനാണ് ജോബി.ലൈംഗിക അതിക്രമ പരാതി യുവതി മുഖ്യമന്ത്രിക്ക് നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്നത് അഞ്ജാതമാണ്. വ്യാഴാഴ്ച വൈകിട്ട് ഫോണ്‍ ഓഫ് ചെയ്ത രാഹുല്‍, എവിടെയെന്ന് അറിവില്ലെന്നാണ് എംഎല്‍എ ഓഫീസിലെ ജീവനക്കാരും പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത തടയാന്‍ രാഹുലിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

You cannot copy content of this page