ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. ഏഴ് സ്ഥാനാര്‍ത്ഥികളിൽ ബിഎസ്‌പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന നിലയിലാണ് ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം. 500 സീറ്റുകളിലെ ഫല സൂചന പുറത്തുവരുമ്പോൾ 244 സീറ്റുകളിൽ വീതം എൻഡിഎയും ഇന്ത്യ സഖ്യവും മുന്നിലാണ്.
ഉത്തര്‍പ്രദേശിൽ സമാജ്‌വാദി പാര്‍ട്ടിയും കോൺഗ്രസും ചേര്‍ന്ന് നടത്തിയ മുന്നേറ്റം അമേഠി മണ്ഡലത്തിലടക്കം ചലനമുണ്ടാക്കിയെന്നാണ് വ്യക്തമാകുന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി കിഷോരി ലാൽ ശര്‍മ്മ 3916 വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയെ പിന്നിലാക്കി. റായ്‌ബറേലി മണ്ഡലത്തിൽ രാഹുൽ ഗാന്ധി മുന്നിലാണ്. വയനാട്ടിലും രാഹുൽ ഗാന്ധിയാണ് ലീഡ് ചെയ്യുന്നത്.