മേട്ടുപ്പാളയം: വിശാലമായ റെയിൽവെ സംവിധാനമുള്ള നാടാണ് ഇന്ത്യ. പർവതങ്ങളും മരുഭൂമികളും കാടുകളും പുഴകളും കടന്നുപോകുന്ന ട്രെയിനുകൾ. ബുള്ളറ്റ് ട്രെയിനുകളും ഹൈപ്പർലൂപ്പ് ട്രെയിനുകളും അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോൾ ഒച്ചിന്‍റെ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകളും ഇന്ത്യയിലുണ്ട്. വേഗത കുറവാണെങ്കിലും നിറയെ യാത്രക്കാരുള്ള ഈ ട്രെയിൻ തമിഴ്നാട്ടിലാണ്.
മേട്ടുപ്പാളയത്തെയും ഊട്ടിയെയും ബന്ധിപ്പിക്കുന്ന നീലഗിരി മൗണ്ടൻ റെയില്‍വെയിലൂടെ കടന്നുപോകുന്ന ട്രെയിനാണ് രാജ്യത്തെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിൻ. റാക്ക് റെയിൽവേ പാതകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തീവണ്ടിപ്പാതയാണ് ഇത്.യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിനാൽ ‘പൈതൃക തീവണ്ടി’ എന്നും അറിയപ്പെടുന്നു. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്. 46 കിലോമീറ്റർ ദൂരം പിന്നിടാൻ അഞ്ച് മണിക്കൂര്‍ വേണ്ടിവരും. ഒരു സൈക്കിളിനെക്കാൾ വേഗത കുറവാണ് ഈ തീവണ്ടിക്ക്.
വേഗത കുറവാണെങ്കിലും മികച്ച ദൃശ്യാനുഭവമാണ് ട്രെയിൻ യാത്ര സമ്മാനിക്കുന്നത്. നീലഗിരി കുന്നുകളും താഴ്വരകളും വനങ്ങളും വെള്ളച്ചാട്ടങ്ങളും കടന്നുപോകുന്ന ഈ തീവണ്ടി 16 തുരങ്കങ്ങളും 250 ലധികം പാലങ്ങളും 208 കൊടും വളവുകളും കടന്നാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. കൂനൂർ, വെല്ലിംഗ്ടൺ, ലവ്ഡെയ്ൽ, ഉദഗമണ്ഡലം എന്നീ സ്ഥലങ്ങളിലൂടെയാണ് തീവണ്ടി പോകുന്നത്. വളരെ പതുക്കെ പോകുന്നതുകൊണ്ടു തന്നെ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളും, ആഴമേറിയ മലയിടുക്കുകളും, ഉരുണ്ടുകൂടുന്ന കുന്നുകളും നിറഞ്ഞ മനോഹരമായ പ്രകൃതിയെ നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും. മടക്കയാത്രയിൽ, അതേ മനോഹരമായ വഴിയിലൂടെ ഇറങ്ങാൻ ഏകദേശം 4 മണിക്കൂർ എടുക്കും.
1908 ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് ഈ റെയിൽപാത നിര്‍മിച്ചത്.ചിലർ ഇതിനെ ടോയ് ട്രെയിൻ എന്ന് സ്നേഹപൂർവം വിളിക്കുന്നു. ഏറ്റവുമധികം സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുളള തീവണ്ടിയാണിത്. ദിൽസേ എന്ന ചിത്രത്തിലെ ‘ചല് ഛയ്യ ഛയ്യ’ എന്ന ഗാനരംഗം ഓര്‍മയില്ലേ? ഷാരൂഖ് ഖാൻ തീവണ്ടിയുടെ മുകളിൽ നിന്നും ഡാൻസ് കളിക്കുന്നത് ഇവിടെ നിന്നാണ്. ബർഫി എന്ന രൺബീര്‍ കപൂര്‍ ചിത്രത്തിലും നീലഗിരി മൗണ്ടൻ ട്രെയിനുണ്ട്. ശ്രീദേവിയും കമൽഹാസനും അഭിനയിച്ച് 1983-ൽ പുറത്തിറങ്ങി ‘സദ്മ’ എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്. നീലഗിരി മൗണ്ടൻ റെയിൽവേ (NMR) സ്റ്റേഷനിലായിരുന്നു.
ഐആർസിടിസി വെബ്സൈറ്റ് വഴിയോ റെയിൽവേ സ്റ്റേഷനുകളിലോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സീറ്റുകൾ പെട്ടെന്ന് തന്നെ ബുക്കിംഗ് ആകും. പ്രത്യേകിച്ച് തിരക്കേറിയ സീസണിൽ (ഏപ്രിൽ മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതൽ ജനുവരി വരെയും)അതിനാൽ നേരത്തെ ബുക്ക് ചെയ്യുന്നതായിരിക്കും ഉചിതം. ഈ ട്രെയിനിൽ ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് സീറ്റുകൾ ലഭ്യമാണ്. ഫസ്റ്റ് ക്ലാസിൽ കുഷ്യൻ സീറ്റുകളും വലിയ ജനാലകളും ഉണ്ട്.
യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം
വേനൽക്കാലം (ഏപ്രിൽ-ജൂൺ): പ്രസന്നമായ കാലാവസ്ഥയും തെളിഞ്ഞ കാഴ്ചകളും
മൺസൂൺ (ജൂലൈ-സെപ്റ്റംബർ): മൂടൽമഞ്ഞുള്ള പ്രകൃതിദൃശ്യങ്ങളും പച്ചപ്പ് നിറഞ്ഞ കാഴ്ചകളും.
ശീതകാലം (ഒക്ടോബർ-ജനുവരി): തെളിഞ്ഞ വായുവും പ്രകൃതിഭംഗിയും
