Breaking News

കാസര്‍ഗോഡ് ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തിൽ വന്‍ സാമ്പത്തിക ക്രമക്കേട് ; 4.7 ലക്ഷം രൂപ കാണാനില്ല

Spread the love

ശബരിമലയിലെ സ്വര്‍ണക്കൊള്ള വന്‍ വിവാദമായിരിക്കെ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലും വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. കാസര്‍ഗോഡ് ചന്ദ്രഗിരി ശ്രീ ശാസ്ത ക്ഷേത്രത്തിലെ 4.7 ലക്ഷം രൂപ കാണാനില്ലെന്നാണ് പരാതി. 2017ല്‍ ക്ഷേത്രം നവീകരിക്കാനായി പിരിച്ച പണമാണ് കാണാതായത്. ക്ഷേത്ര നവീകരണത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍ അഡ്വ. ബാലകൃഷ്ണന്‍ നായര്‍ അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് കൈമാറിയെന്നാണ് പറയുന്നത്. എന്നാല്‍ തുക കൈമാറിയതിന് രസീതുകളോ മറ്റ് രേഖകളോ കൈപ്പറ്റിയിരുന്നില്ല. പണം എവിടെയെന്ന് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ലെന്ന് ഭക്തര്‍ പറയുന്നു. തുക കാണാനില്ലെന്ന പരാതി ദേവസ്വം ബോര്‍ഡിലെത്തുകയും ബോര്‍ഡ് അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ദേവസ്വം ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തിയിരുന്നു. ക്രമക്കേട് നടന്നായി കമ്മിഷന്‍ സ്ഥിരീകരിച്ചെങ്കിലും ഈ തുക എവിടെയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. തുക എവിടെയെന്ന് തനിക്കറിയില്ലെന്നും രണ്ട് ലക്ഷത്തിലേറെ രൂപ തനിക്ക് കൈമാറിയത് അക്കൗണ്ട് വഴിയാണെന്നും ആ പണത്തെക്കുറിച്ച് മാത്രമേ തനിക്കറിയൂ എന്നും മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ വാദിക്കുന്നു.

ക്ഷേത്ര നവീകരണത്തിനായി ഭക്തരില്‍ നിന്ന് വന്‍ തുക പിരിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ ലഭിച്ച സംഭാവനയുടേയും അത് ചിലവഴിക്കുന്നതിന്റേയും വിവരങ്ങള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനെ അറിയിക്കണമെന്നാണ് ചട്ടം. ബാക്കി വന്ന തുക അക്കൗണ്ട് മുഖാന്തരം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്നും ചട്ടമുണ്ട്. എന്നാല്‍ ഈ ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം.

You cannot copy content of this page