Breaking News

വാട്‌സ്ആപ്പിൽ ഇനി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം, മെറ്റാ പ്ലാറ്റ്‌ഫോമുകൾക്കിടയിൽ കൂടുതൽ സഹകരണം

Spread the love

ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ നേരിട്ട് വാട്‌സ്ആപ്പ് ഡിപിയായി ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. വാബീറ്റഇൻഫോയുടെ (WABetaInfo) റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയ്ഡ് ബീറ്റ പതിപ്പായ 2.25.21.23-ൽ ഈ ഫീച്ചർ ചില ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. വൈകാതെ തന്നെ ഇത് എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ഫീച്ചർ വരുന്നതോടെ പ്രൊഫൈൽ ഫോട്ടോ മാറ്റാനുള്ള ഓപ്ഷനിൽ, ഗാലറിയിൽനിന്നുള്ള ചിത്രങ്ങൾ, ക്യാമറയിൽ എടുക്കുന്ന ചിത്രങ്ങൾ, അവതാറുകൾ, അല്ലെങ്കിൽ എഐ ജനറേറ്റഡ് ചിത്രങ്ങൾ എന്നിവ കൂടാതെ ഫേസ്ബുക്കിൽനിന്നും ഇൻസ്റ്റഗ്രാമിൽനിന്നും നേരിട്ട് ചിത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാകും.

എങ്ങനെയാണ് ഈ ഫീച്ചർ ഉപയോഗിക്കുക?

ഈ ഫീച്ചർ ഉപയോഗിക്കാൻ വാട്‌സ്ആപ്പ് അക്കൗണ്ട് മെറ്റാ അക്കൗണ്ട്സ് സെന്ററുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള മെറ്റായുടെ എല്ലാ അക്കൗണ്ടുകളും ഒരൊറ്റ സ്ഥലത്ത് നിയന്ത്രിക്കാനുള്ള സംവിധാനമാണ് മെറ്റാ അക്കൗണ്ട്സ് സെന്റർ.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ തമ്മിൽ കൂടുതൽ ബന്ധിപ്പിക്കാൻ മെറ്റാ ശ്രമിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റാറ്റസുകൾ വാട്‌സ്ആപ്പിൽ ഷെയർ ചെയ്യാനുള്ള സൗകര്യം, ബിസിനസ് അക്കൗണ്ടുകൾക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വാട്‌സ്ആപ്പ് ബട്ടൺ ചേർക്കാനുള്ള ഓപ്ഷൻ എന്നിവ ഇതിന്റെ ഭാഗമാണ്. ഈ പുതിയ ഫീച്ചറോടെ മെറ്റായുടെ പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള സംയോജനം കൂടുതൽ മെച്ചപ്പെടും.

You cannot copy content of this page