പുതുമുഖങ്ങൾക്കും യുവാക്കൾക്കും സ്വാഗതം; പുനഃസംഘടനയ്ക്ക് ഒരുങ്ങി കെപിസിസി

Spread the love

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പുനഃസംഘടനയ്ക്ക് ഒരുങ്ങി കെപിസിസി. ലോകസഭ തിരഞ്ഞെടുപ്പ് സമയത്തെ വിലയിരുത്തി ആയിരിക്കും പുനസംഘടന. പാർട്ടിയിൽ പുനസംഘടന നടക്കുന്നില്ലെന്ന വ്യാപക വിമർശനത്തിന് പിന്നാലെയാണ് തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പുനസംഘടന നടപടികളിലേക്ക് കടക്കാനാണ് നീക്കം. കെപിസിസി, ഡി സി സി തലത്തിൽ പൂർണ്ണമായ പൊളിച്ചെഴുത്താണ് ലക്ഷ്യം. പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന. പ്രവർത്തനം മോശമായ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരെ മാറ്റും. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തെ പ്രവർത്തനം വിലയിരുത്തിയാകും പുനസംഘടനയിൽ പരിഗണിക്കുക. കെ സുധാകരൻ അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാന്റിന് വിടാനാണ് നിലവിലെ ധാരണ.

എന്നാൽ എ,ഐ ഗ്രൂപ്പുകളുടെ നിലപാട് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ്. തൽക്കാലം പരസ്യപ്രസ്താവന വേണ്ടെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ തീരുമാനം. അതേ സമയം പാർട്ടിക്കുള്ളിൽ കെ സുധാകരൻ എം എം ഹസ്സൻ പോര് തുടരുകയാണ്. മുൻ കെപിസിസി ജനറൽ സെക്രട്ടറി എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയ കെ സുധാകരനെതിരെ ഗ്രൂപ്പുകൾക്കുള്ളിൽ കടുത്ത അമർഷം ഉള്ളതായാണ് വിവരം.എന്നാൽ വിട്ടുവീഴ്ച വേണ്ടെന്നും നടപടിക്ക് പിന്തുണ ലഭിക്കുമെന്നാണ് സുധാകര പക്ഷത്തിന്റെ നിലപാട്.

You cannot copy content of this page