Breaking News

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു; അപ്പീൽ ഇന്ന് പരിഗണിക്കും

Spread the love

തിരുവനന്തപുരം: കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുണ്ടെന്നും സ്റ്റേ ചെയ്യണമെന്നുമാണ് സര്‍ക്കാരിൻ്റെ ആവശ്യം. സിബിഎസ്ഇ, സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ഏകീകരണ ഫോര്‍മുല നടപ്പാക്കിയത് അസമസ്വം ഒഴിവാക്കാനാണ് എന്നാണ് സര്‍ക്കാറിന്റെ വാദം. വിഷയം ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗവും ചര്‍ച്ച ചെയ്യും. സിംഗിള്‍ ബെഞ്ച് വിധിയില്‍ സ്‌റ്റേ നേടുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കോടതി കേസിന് സ്‌റ്റേ നല്‍കാതെ പിന്നീട് പരിഗണിക്കാമെന്ന് ഉത്തരവിടുകയാണെങ്കില്‍ സര്‍ക്കാരിന് സിംഗിള്‍ ബെഞ്ച് ഉത്തരവ് അനുസരിക്കേണ്ടിവരും. സ്റ്റേ ലഭിച്ചാല്‍ എത്രയും പെട്ടെന്ന് പ്രവേശന നടപടികളിലേക്ക് കടക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ എന്‍ മനോജ് കുമാറും സീനിയര്‍ ഗവ. പ്ലീഡര്‍ പി ജി പ്രമോദുമാണ് ഹാജരാകുന്നത്.

ഇന്നലെയാണ്  കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കിയത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്. പ്രോസ്പക്ടസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. കീം റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഎസ്ഇ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം വരുത്തിയ നടപടിയാണ് നിലവില്‍ റദ്ദാക്കിയത്. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തില്‍ പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയത് തെറ്റെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാര്‍ക്ക് ഏകീകരണം നിയമവിരുദ്ധവും ഏകപക്ഷീയവുമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ഡി കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.

കീം റാങ്ക് പട്ടികയില്‍ സിബിഎസ്ഇ സിലബസ് പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കുകയും സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ പിന്നിലാവുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ക്ക് ഏകീകരണ ഫോര്‍മുല. പുതിയ ഫോര്‍മുല നടപ്പാക്കാനായി കീം പ്രോസ്‌പെക്ടസില്‍ വരുത്തിയ മാറ്റം ചോദ്യം ചെയ്ത് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍. ഈ ഹര്‍ജിയിലാണ് കീം റാങ്ക് പട്ടിക ജസ്റ്റിസ് ഡികെ സിംഗ് അധ്യക്ഷനായ സിംഗില്‍ ബെഞ്ച് റദ്ദാക്കിയത്. ഏത് സമയത്തും പ്രൊസ്‌പെക്ടസില്‍ മാറ്റം വരുത്താനാകുമെന്ന സര്‍ക്കാര്‍ വാദം തള്ളി. ഗെയിം ആരംഭിച്ച ശേഷം നിയമം പകുതിവെച്ച് മാറ്റാനാവില്ലെന്നായിരുന്നു വിധിന്യായത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം.

You cannot copy content of this page