തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ആര്‍ക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയാണെന്നും ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ പൂര്‍ണ്ണ പരാജയമാണെന്നും വിഡി സതീശൻ ആരോപിച്ചു. തിരുവനന്തപുരത്ത് വ്യാപകമായ ഗുണ്ടാ ആക്രമണം നടക്കുകയാണ്. ആർക്കും ആരെയും കൊല്ലാം എന്ന സ്ഥിതിയാണുള്ളത്. ഗുണ്ടകളെക്കുറിച്ച് വിവരം പൊലീസിന് നല്‍കിയാല്‍ വിവരം നല്‍കുന്നവരെ ആക്രമിക്കും.
പന്തീരാങ്കാവിൽ നവവധുവിനുനേരെ നടന്നത് ക്രൂര പീഡനം. സംഭവത്തില്‍ പരാതി നല്‍കിയ പെൺകുട്ടിയുടെ അച്ഛനെ പൊലീസ് പരിഹസിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പൊലീസ് കേസ് എടുത്തതെന്നും സതീശൻ ആരോപിച്ചു.അതേസമയം, വീക്ഷണത്തിലെ മുഖപ്രസംഗം പ്രതിപക്ഷ നേതാവ് തള്ളി. കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ചര്‍ച്ചക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.
