Breaking News

പശുക്കടത്ത് ആരോപിച്ച് ദളിത് യുവാക്കൾക്ക് മർദനം, മലിനജലം കുടിപ്പിച്ചു; പശുക്കളെ കൊണ്ടുപോയത് വിവാഹസമ്മാനമായി

Spread the love

ഭുവനേശ്വർ: പശുക്കടത്ത് ആരോപിച്ച് ദളിത് യുവാക്കൾക്ക് നേരെ ക്രൂരമർദനം. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ ഹരിപുർ ഗ്രാമത്തിലാണ് രണ്ട് ദളിത് യുവാക്കൾക്ക് കൊടിയ അപമാനവും മർദനവും നേരിടേണ്ടി വന്നത്. ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയും മലിനജലം കുടിപ്പിക്കുകയും മുട്ടിലിഴച്ച് നടത്തിക്കുകയും ചെയ്തു. എന്നാൽ യുവാക്കൾ പശുക്കളെ കടത്തിയില്ലെന്ന് പിന്നീട് തെളിഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഖരിഗുമ ഗ്രാമവാസികളായിരുന്നു മർദ്ദനമേറ്റ യുവാക്കൾ. ഇരുവരും അടുത്തുള്ള ഗ്രാമത്തിലേക്ക് മൂന്ന് പശുക്കളുമായി പോകുകയായിരുന്നു. കുടുംബത്തിൽ നടക്കുന്ന ഒരു വിവാഹത്തിന്റെ ഭാഗമായി വരന്റെ വീട്ടുകാർക്ക് നൽകാനുള്ള പശുക്കളായിരുന്നു അവ. എന്നാൽ വാഹനം ഹരിപുർ ഗ്രാമത്തിലെത്തിയപ്പോൾ ഗ്രാമവാസികൾ ഇവരെ തടഞ്ഞു. തുടർന്ന് പശുക്കളെ കശാപ്പ് ചെയ്യാൻ കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ക്രൂരമായി മർദ്ദിച്ചു.

ഗ്രാമവാസികൾ ആവശ്യപ്പെട്ട പണം യുവാക്കൾ നൽകിയില്ലെന്ന് പറഞ്ഞാണ് ഗ്രാമവാസികൾ മർദനം ആരംഭിച്ചത്. ഇരുവരെയും ഗ്രാമവാസികൾ അർധനഗ്നരാക്കി മർദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു. തുടർന്ന് ഇരുവരെയും കയറിൽ കെട്ടിയ ശേഷം മുട്ടലിഴച്ച് നടത്തിച്ചു. രണ്ട് കിലോമീറ്ററോളമാണ് ഇത്തരത്തിൽ നടത്തിച്ചത്. ഇതിനിടെ ചില ഗ്രാമവാസികൾ യുവാക്കളെ പുല്ല് തീറ്റിക്കുകയും മലിനജലം കുടിപ്പിക്കുകയും ചെയ്തു.

മർദ്ദനം സഹിക്കവയ്യാതെ വന്നതോടെ യുവാക്കൾ അവിടെനിന്ന് ഓടി രക്ഷപ്പെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇരുവരുടെയും പുറംഭാഗത്തിനും തലയ്ക്കും ഗുരുതര പരിക്കുകളുണ്ട്. നിലവിൽ ഇവർ ആശുപത്രിയിലാണ്. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

സംഭവത്തിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഒഡിഷയിൽ നടന്ന സംഭവം രാജ്യത്ത് ജാതിയില്ല എന്ന് വാദിക്കുന്നവർക്ക് നേരെയുള്ള ഒരു കണ്ണാടിയാണ് എന്ന് രാഹുൽ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയ ശേഷം ഇത്തരം അതിക്രമങ്ങൾ വർധിച്ചതായും രാഹുൽ കുറ്റപ്പെടുത്തി. ദളിതർക്ക് നേരെയുള്ള എല്ലാ ആക്രമണങ്ങളും അംബേദ്കറുടെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും മനുഷ്യത്വത്തിനും തുല്യതയ്ക്കും നീതിക്കും നേരെയുള്ള ഗൂഢാലോചനയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

You cannot copy content of this page