Breaking News

ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സര്‍ക്കാര്‍; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

Spread the love

കൊച്ചി: സംസ്ഥാനത്ത് ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇത്തരത്തിലൊരു നിലപാട് അറിയിച്ചത്. നിയമ നിര്‍മ്മാണം വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും സർക്കാർ അറിയിച്ചു. 2019ലെ ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ ശുപാര്‍ശയും നടപ്പാക്കില്ല.

സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. തുടർന്ന് ഹൈക്കോടതി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കി. മൂന്നാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കാനാണ് സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം.

മന്ത്രവാദവും ആഭിചാരവും നിരോധിച്ച് നിയമ നിര്‍മ്മാണം നടത്തണോ എന്നതില്‍ തീരുമാനമെടുക്കാനുള്ള അധികാരം നിയമസഭയ്ക്കുണ്ടെന്നും ഹൈക്കോടതിക്ക് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കാനാവില്ലെന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. മന്ത്രവാദ, ആഭിചാര നിരോധന നിയമം നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം നല്‍കിയ ഹര്‍ജി ഹൈക്കോടതി ജൂലൈ 15ന് വീണ്ടും പരിഗണിക്കും.

You cannot copy content of this page