Breaking News

ബിജു ജോസഫിന്റെ മരണം സ്ഥിരീകരിക്കാൻ ദേഹ പരിശോധന നടത്തിയത് ജോമോന്റെ വീട്ടിൽ വെച്ച്; പ്രതികളുമായി തെളിവെടുപ്പ്

Spread the love

തൊടുപുഴ കലയന്താനി ബിജു ജോസഫിന്റെ കൊലപാതകത്തിൽ ഒന്നാംപ്രതി ജോമോന്റെ വീട്ടിൽ മറ്റു പ്രതികളുമായി തെളിവെടുപ്പ് നടത്തി.കേസിലെ രണ്ടാം പ്രതിയായ ആഷിക് ജോൺസനെ ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമാണ് നാലു പ്രതികളുമായും പൊലീസ് സംഘം ഒരുമിച്ച് തെളിവെടുപ്പ് നടത്തിയത്.

ഒന്നാംപ്രതി ജോമോന്റെ വീട്ടിലും ഗോഡൗണിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. മർദനമേറ്റ് അവശനിലയിലായ ബിജുവിനെ ആദ്യമെത്തിച്ചത് ജോമോൻ്റെ വീട്ടിലെന്ന് പൊലീസ്. മരിച്ചെന്ന് ഉറപ്പാക്കാൻ ദേഹ പരിശോധന നടത്തി. ഇതിന് ശേഷമാണ് മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയത്. മൃതദേഹമെത്തിച്ചത് ജോമോൻ, മുഹമ്മദ് അസ്ലം, ആഷിഖ് ജോൺസൺ എന്നിവരാണ്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് , വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി.

തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. കസ്റ്റഡി കാലാവധി അവസാനിച്ച ജോമോൻ, ജോമിൻ, മുഹമ്മദ് അസ്ലം എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. അഞ്ചു ദിവസത്തേക്കാണ് ആഷിക്കിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയത്. കേസിലെ നിർണായക തെളിവായ ആഷിക് ജോൺസൺ ബിജുവിനെ കുത്താൻ ഉപയോഗിച്ച് കത്തി ഇന്നലെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കയ്യിലും കാലിലും ബിജുവിനെ കുത്തി മുറിവേൽപ്പിച്ചു എന്ന് ആഷിക് മൊഴി നൽകിയിരുന്നു.

അതേസമയം, കേസിലെ നിർണായക തെളിവുകളിൽ ഒന്നായ ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഒമിനി വാൻ പൊലീസ് കണ്ടെത്തിയിരുന്നു. വാനിൽ പിടിച്ചുകയറ്റിയ ശേഷമാണ് ബിജുവിനെ പ്രതികൾ ക്രൂരമായി ഉപദ്രവിച്ചത്. വാഹന ഉടമ സിജോയോട് പറഞ്ഞിരുന്നത് ജോമോന്റെ ഭാര്യയുടെ ചികിത്സയുടെ ആവശ്യത്തിനായി വാഹനം കൊണ്ടുപോകുന്നു എന്നാണ്. എന്നാൽ കൊലപാതകം നടത്തിയ വ്യാഴാഴ്ച രാവിലെ 9 മണിയോടെ വാഹനം കഴുകി തിരികെ വീട്ടിൽ എത്തിക്കുകയായിരുന്നു. വാഹനത്തിൻറെ പ്ലാറ്റ്ഫോമിൽ രക്തക്കറ ഫോറെൻസിക്ക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബിജു ഉപയോഗിച്ചിരുന്ന സ്കൂട്ടറും അന്വേഷണസംഘം കണ്ടെത്തി. വരാപ്പുഴയിലെ വാഹനങ്ങൾ പൊളിക്കുന്ന സ്ഥലത്ത് നിന്നാണ് സ്കൂട്ടർ കണ്ടെത്തിയത്.

You cannot copy content of this page