Breaking News

പ്രിയങ്ക ഗാന്ധിയുടെ കുടുംബം ബിജെപിക്ക് കൈക്കൂലി നൽകി; കോൺഗ്രസിന്റേത് അവസരവാദ നിലപാടെന്ന് എം വി ഗോവിന്ദൻ

Spread the love

തിരുവനന്തപുരം:കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി എം വി ഗോവിന്ദന്‍ രംഗത്ത് . ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ഇങ്ങനെ ഒരു പാർട്ടിയെന്ന് എം വി ഗോവിന്ദന്‍ വിമർശിച്ചു.

പ്രിയങ്ക ഗാന്ധിയുടെ കുടുംബം ബിജെപിക്ക് കൈക്കൂലി നൽകി. വാങ്ങാൻ ബിജെപിക്ക് മടിയില്ല കൊടുക്കാൻ കോൺഗ്രസിനും മടിയില്ല.

കേന്ദ്ര ഏജൻസികളുടെ നടപടിക്ക് എതിരാണ് ഇന്‍ഡ്യ മുന്നണി. എന്നാല്‍ അതിനു കടകവിരുദ്ധമാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. അപക്വമായ പ്രസ്താവനയാണ് രാഹുല്‍ നടത്തുന്നത്. രാഷ്ട്രീയം കൈകാര്യം ചെയ്യാൻ പഠിച്ചില്ലെങ്കിൽ ഇങ്ങനെ വരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോൺഗ്രസിന്റേത് അവസരവാദ നിലപാടാണ്. കേസിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയിൽ ചേരുന്നവരാണ് കോൺഗ്രസുകാർ. ഒരു കേസും പിണറായിയുടെ പേരിലില്ല. ഓലപാമ്പ് കാണിച്ച് കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തേണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഷൈലജ ടീച്ചർക്ക് എതിരായ സൈബർ ആക്രമണത്തെകുറിച്ചും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കളത്തിൽ ഇറങ്ങിയപ്പോൾ ആണ് ഷാഫി പറമ്പിലിനു തോറ്റു തുന്നം പാടുമെന്ന് മനസിലായത്. തോൽക്കുമെന്ന് ആയപ്പോൾ ആണ് പുതിയ തന്ത്രം. വടകരയിൽ യുഡിഎഫ് പറയുന്നത് അശ്ലീലമാണ്. ടീച്ചറെ അപമാനിക്കാൻ മോർഫ് ചെയ്ത് ചിത്രം ഉണ്ടാക്കി. ഇതിന് പിന്നിൽ ഷാഫി പറമ്പിലിനും പങ്കുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പ്രധാന മന്ത്രിയുടേത് ഒരു ഉത്തരവാദിത്തബോധവും ഇല്ലാത്ത പൈങ്കിളി പ്രസംഗമാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ സമനില തെറ്റിയിരിക്കുന്നു. ഓരോ ദിവസത്തെയും പ്രസംഗത്തിൽ അത് വ്യക്തം. താഴ്ന്ന ആർ എസ് എസുകാരന്റെ മനോഭാവമാണ് പ്രധാനമന്ത്രിക്ക്. തോൽക്കുമെന്ന ഏകദേശ ധാരണ ബിജെപിക്കുണ്ട്. മോദിയുടെ മുസ്ലീം വിരുദ്ധ പരാമർശം ശുദ്ധ അസംബന്ധമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നാടിന്റെ പ്രധാനമന്ത്രി അധഃപതിച്ചു. എന്ത് തോന്നിയവാസവും പറയുന്ന പ്രധാനമന്ത്രി ജനാധിപത്യ സംവിധാനത്തിന് അന്തസ്സ് കൽപ്പിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആറ്റിങ്ങലില്‍ ബിജു രമേശ്‌ പണം കൊടുക്കാൻ ശ്രമിച്ചുവെന്നും ജോയ് ജയിക്കുമെന്ന് ഉറപ്പായപ്പോഴാണ് പണം കൊടുക്കാൻ നോക്കിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പണം കൊടുത്ത് വാങ്ങാൻ കഴിയുന്ന വിൽപ്പനച്ചരക്കാണ് കോളനിക്കാർ എന്നാണ് പണക്കാർ കരുതുന്നത്. പണം നൽകാൻ വരുമ്പോൾ മോന്തയ്ക്കു കൊടുക്കണം. ഒലക്ക വെച്ച് തല്ലണം. പാർട്ടിക്കാർ കാവലിരിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് എതിരായ പി വി അൻവറിന്റെ പ്രസ്താവനയിൽ എം വി ഗോവിന്ദൻ പ്രതികരിച്ചില്ല.

You cannot copy content of this page